ജനാധിപത്യ-പൗരത്വ അട്ടിമറികൾക്കെതിരെ ജാഗ്രത പുലർത്തണം- പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന സംഗമം
text_fieldsപ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനസംഗമത്തിൽനിന്ന്
മനാമ: വംശീയമായ മുൻവിധിയോടെയുള്ള പൗരത്വ നിഷേധങ്ങളെ യഥാർഥ ഇന്ത്യക്കാരന് അംഗീകരിക്കാനാവില്ലെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലിംകളെ പുറത്താക്കാനുള്ള ശ്രമമാണ് യൂനിയൻ സർക്കാർ ആദ്യം നടത്തിയത്. ഇപ്പോൾ ബിഹാറിൽ വോട്ടർ പട്ടികയിലൂടെ പുറത്താക്കപ്പെടുന്ന 65 ലക്ഷം മനുഷ്യരിൽ മുസ്ലിംകളും ദലിതരും ആദിവാസികളുമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ പ്രവാസി സെൻററിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാരെയെല്ലാം തുല്യരായി കണ്ട് രാജ്യത്തിന്റെ മുഴുവൻ വിഭവത്തിലും വിതരണത്തിലും സാമൂഹികനീതി പാലിക്കാൻ കഴിയുമ്പോഴാണ് നാം ഒരു സ്വതന്ത്ര രാഷ്ട്രത്തിലെ പൗരന്മാരാകുകയെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
രാജ്യത്ത് പിറന്നുവീണ മനുഷ്യരുടെ പൗരത്വത്തിന് മതത്തെ അടിസ്ഥാനമാക്കുന്നത് നീതികേടാണ്. അതിനെ പ്രതിരോധിക്കേണ്ടത് രാജ്യത്തെ മുഴുവൻ ജനാധിപത്യ സമൂഹത്തിന്റെയും ബാധ്യതയാണെന്ന് ഒ.ഐ.സി.സി പ്രതിനിധി സൽമാനുൽ ഫാരിസ് പറഞ്ഞു. ഗാന്ധിജി രാജ്യത്തിനു മുന്നിൽ സമർപ്പിച്ചത് മര്യാദാപുരുഷോത്തമനായ രാമന്റെ രാമരാജ്യമാണെങ്കിൽ സംഘ്പരിവാർ മുന്നോട്ടുവെക്കുന്നത് ഭിന്നിപ്പിന്റേതാണെന്ന് സാമൂഹികപ്രവർത്തകനായ അനിൽകുമാർ യു.കെ പറഞ്ഞു.
വെൽകെയർ കൺവീനർ മുഹമ്മദ് അലി മലപ്പുറം, മെഡ്കെയർ കൺവീനർ മജീദ് തണൽ, ശരീഫ് കൊച്ചി, ഫസലുറഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വംശീയ മുൻവിധിയോടെ പൗരത്വത്തിന്റെ പേരിൽ ബുൾഡോസർ രാജിലൂടെ കിടപ്പാടം തകർക്കപ്പെടുകയും ജനാധിപത്യപ്രതിഷേധം നടത്തുന്നവർ കൊല്ലപ്പെടുകയും ചെയ്യുന്ന അസമിലെ മനുഷ്യരോടും അന്യായമായി വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറന്തള്ളപ്പെടുന്ന ബിഹാർ ജനതയോടും വംശീയതയുടെ പേരിൽ മാറ്റി നിർത്തപ്പെടുന്ന മറ്റ് രാജ്യനിവാസികളോടും സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും മനാമ സോണൽ സെക്രട്ടറി അസ്ലം വേളം നന്ദിയും പറഞ്ഞു. ഷാഹുൽ ഹമീദ് വെന്നിയൂർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുല്ല കുറ്റ്യാടി, മൊയ്തു തിരുവള്ളൂർ, രാജീവ് നാവായിക്കുളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

