ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി പ്രവാസി നൈറ്റ്
text_fieldsപ്രവാസി വെൽഫയർ സംഘടിപ്പിച്ച പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം ബഹ്റൈൻ പാർലമെൻറ് അംഗം അഹമ്മദ് യൂസഫ് അൽ അൻസാരി ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രവാസി വെൽഫയർ സംഘടിപ്പിച്ച പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം സംഘാടന മികവുകൊണ്ടും തിങ്ങിനിറഞ്ഞ ജനപങ്കാളിത്തത്താലും ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി മാറി. ബഹ്റൈൻ പാർലമെൻറ് അംഗം അഹമ്മദ് യൂസഫ് അൽ അൻസാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹവും സ്വദേശികളും തമ്മിലുള്ള ഇഴയടുപ്പത്തെ കുറിച്ചും ബഹ്റൈന് നൽകിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'അനാഥരുടെ പിതാവ്' ബാബ ഖലീൽ മുഖ്യാതിഥി ആയിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. 18ാം നൂറ്റാണ്ടിൽ ആരംഭിച്ച ഒന്നാം കേരളീയ നവോത്ഥാനം സ്വാതന്ത്ര്യലബ്ധിയോടുകൂടി നിലച്ചപ്പോൾ നവോത്ഥാനത്തിന്റെ തുടർച്ച ഗൾഫ് പ്രവാസത്തിലൂടെയാണ് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഇന്ന് അനുഭവിക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം ഗൾഫ് പ്രവാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെൽഫെയർ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ് സോഷ്യൽ ഐക്കൺ അവാർഡ് അമാദ് ഗ്രൂപ് എം.ഡി പമ്പാവാസൻ നായർക്ക് ബാബാ ഖലീൽ സമ്മാനിക്കുന്നു
പ്രവാസി വെൽഫെയർ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ് സോഷ്യൽ ഐക്കൺ അവാർഡ് ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും അമാദ് ഗ്രൂപ് എം.ഡിയുമായ പമ്പാവാസൻ നായർക്ക് ബാബാ ഖലീൽ സമ്മാനിച്ചു. മറ്റു രാജ്യങ്ങളിൽ കാണാത്തതരത്തിൽ സ്വദേശികളും വിദേശികളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ഉദാഹരണമാണ് ബഹ്റൈൻ എന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പമ്പാവാസൻ നായർ പറഞ്ഞു. പാർലമെൻറ് അംഗം അഹമ്മദ് യൂസഫ് അൽ അൻസാരിക്കുള്ള ഉപഹാരം പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ സമ്മാനിച്ചു. ബാബ ഖലീലിനുള്ള ഉപഹാരം പാർലമെൻറ് മെമ്പറും സമ്മാനിച്ചു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മജീദ് തണൽ നന്ദിയും പറഞ്ഞു. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.