പ്രവാസി ലീഗൽ സെൽ വിദ്യാർഥി വിഭാഗം പ്രവർത്തനമാരംഭിച്ചു
text_fieldsമനാമ: പ്രവാസമേഖലയിലെ വിദ്യാർഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ ആരംഭിച്ച വിദ്യാർഥി വിഭാഗം പ്രവർത്തനമാരംഭിച്ചു.
നോർക്ക റൂട്സ് സി.ഇ.ഒയും കേരള സർക്കാറിന്റെ അഡീഷനൽ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്, മുൻ സി.ഡി.എസ് പ്രഫസറും നിരവധി കുടിയേറ്റ സംബന്ധമായ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രഫ.എസ്. ഇരുദയരാജൻ മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലീഗൽ സെൽ വിദ്യാർഥി വിഭാഗം ഗ്ലോബൽ കോഓഡിനേറ്റർ സുജ സുകേശൻ, ഗ്ലോബൽ വക്താവും പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, യു.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു.
അടുത്തകാലത്തായി പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർഥികൾ കടുത്ത ചൂഷണങ്ങൾക്കും മറ്റും വിധേയരാകുന്ന സാഹചര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ വിദ്യാർഥി വിഭാഗം രൂപവത്കരിച്ചത്. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വേണ്ട സഹായം നൽകുന്നതോടൊപ്പം വിദേശത്തേക്ക് കുടിയേറുന്നവർക്കായി ബോധവത്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം.
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഏതാനം മാസങ്ങൾക്കു മുമ്പ് കേരള ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് ഏതാനം ദിവസങ്ങൾക്കു മുമ്പ് കേരള സർക്കാർ സ്പെഷൽ ടാസ്ക്ഫോഴ്സ് ഉൾപ്പെടെയുള്ള നടപടികൾ വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ സ്വീകരിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.