പ്രതിഭ ഇടപെട്ടു; 38 വർഷമായി നാട്ടിൽ പോകാത്ത രമേശൻ വീട്ടിലെത്തി
text_fieldsരമേശൻ നരമ്പ്രത്ത് നാട്ടിലെത്തിയപ്പോൾ
മനാമ: 38 വർഷമായി നാട്ടിൽ പോകാത്ത രമേശൻ നരമ്പ്രത്ത് ഒടുവിൽ വീട്ടിലെത്തി. കണ്ണൂർ ജില്ലയിലെ മേലേ ചൊവ്വ സ്വദേശി രമേശൻ നരമ്പ്രത്ത് 42 വർഷമായി ബഹ്റൈൻ പ്രവാസിയായായിരുന്നു. 1982 ലാണ് ബഹ്റൈനിലെത്തിയത്. 1986 ൽ ഒരു തവണ മാത്രം നാട്ടിൽ പോയി.
പിന്നീട് പോകാത്തതെന്താണെന്ന് ചോദിച്ചപ്പോൾ കാരണമൊന്നും രമേശന് പറയാനില്ല. രമേശനെ സംബന്ധിച്ചിടത്തോളം പിന്നീട് പവിഴ ദ്വീപ് സ്വന്തം നാടായി മാറി. ഇക്കാലയളവ് മുഴുവൻ പാസ്പോർട്ടോ വിസയോ ഇല്ലാതെ അനധികൃതമായാണ് രമേശൻ ബഹ്റൈനിലെ റിഫ പ്രദേശത്ത് താമസിച്ചുകൊണ്ടിരുന്നത്.
സ്ക്രാപ് കടയിലെ സഹായി എന്നതായിരുന്നു ജോലി. കുറച്ച് കാലമായി ശാരീരിക അധ്വാനം വലിയ പ്രയാസമായി മാറിയപ്പോൾ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതം തള്ളിനീക്കുകയായിരുന്നു. അവിവാഹിതനായ രമേശന് മറ്റൊരു സമ്പാദ്യവുമില്ല. ജീവിച്ചിരിക്കുന്ന ഒരു സഹോദരിയും തറവാട് വീട്ടിൽ കഴിയുന്ന അവരുടെ മക്കളുമാണ് ഇപ്പോൾ ആകെയുള്ള കുടുംബാംഗങ്ങൾ.
രമേശനെ യാത്രയാക്കുന്നു
നാട്ടിലേക്ക് പോകാൻ ആഗ്രഹം രമേശൻ പ്രകടിപ്പിച്ചപ്പോൾ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ സഹായവുമായി മുന്നിൽ നിന്നു. റിഫ മേഖലയിലെ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ പ്രവർത്തകർക്കൊപ്പം പ്രതിഭ നേതാക്കളായ നുബിൻ അൻസാരി, ജയേഷ്, ഷമേജ്, ഷിജു പിണറായി, സുരേഷ് തുറയൂർ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചു.
അവരുടെ ഇടപെടൽ മൂലം എംബസിയിലും എമിഗ്രേഷനിലും മറ്റു ബന്ധപ്പെട്ട ഓഫിസുകളിലും നിന്ന് ആവശ്യമായ യാത്രാ രേഖകൾ അതിവേഗം സംഘടിപ്പിക്കാൻ സാധിച്ചു.
രമേശന് നാട്ടിൽ പോകുന്നതിനുള്ള ഫ്ലൈറ്റ് ടിക്കറ്റ്, മറ്റു യാത്രാ ചെലവുകൾക്കുള്ള തുക എന്നിവ ചില സുമനസ്സുകൾ നൽകി. ബഹ്റൈനിൽ നിന്നും പുറപ്പെട്ട രമേശനെ കണ്ണൂർ എയർപോർട്ടിൽ സ്വീകരിച്ച് പ്രതിഭ നേതാക്കളായ ഷമേജ്, ജയേഷ്, ഷിജി, രഹിന എന്നിവർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

