ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രസന്ദർശനം സൃഷ്ടിച്ചത് മികച്ച സദ്ഫലങ്ങൾ -ഹമദ് രാജാവ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മാർപാപ്പയെ സന്ദർശിക്കുന്നു
മനാമ: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ബഹ്റൈൻ സന്ദർശനത്തിന്റെ സദ്ഫലങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രകീർത്തിച്ചു. ബഹ്റൈൻ സന്ദർശനം തുടരുന്ന മാർപാപ്പയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി സന്ദർശിക്കവെയാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. ബഹ്റൈനും വത്തിക്കാനും തമ്മിലുള്ള ശക്തമായ ബന്ധവും എല്ലാ മേഖലകളിലെയും പുരോഗതിയും ഇരുവരും വിലയിരുത്തി.
സമാധാനത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ജനങ്ങൾ തമ്മിലുള്ള സൗഹാർദത്തിന്റെയും തത്ത്വങ്ങളിലൂന്നി മാർപാപ്പ നടത്തിയ പ്രഭാഷണങ്ങളിലെ മാനവിക സാരാംശത്തെ ഹമദ് രാജാവ് എടുത്തുപറഞ്ഞു. ബഹ്റൈനിൽനിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത കുർബാന വൻ വിജയമായതിനെ രാജാവ് അഭിനന്ദിച്ചു.
ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ കുർബാന അർപ്പിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്ക് ആശീർവാദം നൽകുന്നു
ശ്രേഷ്ഠമായ മാനവിക തത്ത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ പൊതുവായ പ്രത്യേകതകൾ ബഹ്റൈനും വത്തിക്കാനും തമ്മിലുള്ള ബന്ധത്തെ മാനവരാശിയെ സേവിക്കുന്നതിനുള്ള സഹകരണത്തിന്റെ വേറിട്ട മാതൃകയാക്കി മാറ്റിയിട്ടുണ്ടെന്ന് രാജാവ് ഊന്നിപ്പറഞ്ഞു.
മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാനെത്തിയവർ
ബഹ്റൈനിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഫ്രാൻസിസ് മാർപാപ്പ ഹമദ് രാജാവിന് നന്ദി പറഞ്ഞു. രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ജീവകാരുണ്യ, യുവജനക്ഷേമ കാര്യങ്ങൾക്കുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും രാജാവിനോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

