തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ്
text_fieldsമനാമ: വാണിജ്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും നടത്തുന്ന സമ്മാന നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നവർ തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്ന് ബഹ്റൈൻ പൊലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധ കാണിച്ചാൽ സന്തോഷം ദുരന്തമായി മാറാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തി പണം കവരാൻ ശ്രമിക്കുന്നതായി ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ അറിയിച്ചു. നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നവർ തട്ടിപ്പുകാർ ഒരുക്കിവെക്കുന്ന കെണിയിൽ വീഴരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മാന പദ്ധതികളിൽ പങ്കെടുക്കുന്നവരുടെ ആവശ്യമായ എല്ലാ വിവരങ്ങളും ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പക്കൽ ഇതിനോടകം തന്നെയുണ്ട്. അതുകൊണ്ടുതന്നെ സമ്മാനം ലഭിച്ചാൽപോലും ബാങ്കുകളോ മറ്റ് സ്ഥാപനങ്ങളോ അക്കൗണ്ട് നമ്പറോ സി.പി.ആർ, പാസ്പോർട്ട് പോലുള്ള വ്യക്തിഗത തിരിച്ചറിയൽ നമ്പറുകളോ ഒ.ടി.പിയോ ആവശ്യപ്പെടില്ല. സമ്മാനം ലഭിച്ചാൽ, സ്ഥാപനത്തിലെ ജീവനക്കാരൻ വിളിച്ച് നിങ്ങൾ വിജയിച്ച വിവരം അറിയിക്കുക മാത്രമാണ് ചെയ്യുക. ഇനി അഥവാ കാൾ എടുക്കാൻ സാധിച്ചില്ലെങ്കിലും സമ്മാനം നഷ്ടപ്പെടില്ല.
സമ്മാനം ലഭിച്ചതായി സംശയമുണ്ടെങ്കിൽ, സ്ഥാപനത്തിന്റെയോ ബാങ്കിന്റെയോ ഔദ്യോഗിക നമ്പറിൽ തിരിച്ചുവിളിച്ച് വിവരങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. നേരത്തേ, മാളുകളിലെ നറുക്കെടുപ്പിൽ പങ്കെടുത്ത 10 പേർക്ക് ഏകദേശം 3,500 ദീനാറോളം നഷ്ടപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വിളിച്ച് മറ്റു സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു രീതി.
തട്ടിപ്പുകാരുടെ കാൾ ലഭിക്കുന്നവർ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകി ജാഗ്രത പാലിക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകൾ നേരിടുന്നവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം.
ഹോട്ട്ലൈൻ: 992, വാട്ട്സ്ആപ്: 17108108. കൂടാതെ തട്ടിപ്പിൽ ബാങ്ക് അക്കൗണ്ടോ കാർഡ് വിവരങ്ങളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടനെ ബാങ്കുമായി ബന്ധപ്പെട്ട് സാഹചര്യം വിശദീകരിച്ച് കാർഡ് മരവിപ്പിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

