പണം ഭീകരസംഘടനകളുടെ കൈകളിൽ എത്തിയേക്കാം; അജ്ഞാത വാട്ട്‌സാപ്പ് വഴി വരുന്ന ചാരിറ്റിക്ക് പണം നൽകരുത്; മുന്നറിയിപ്പുമായി പൊലീസ്
text_fieldsഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ
മനാമ: അജ്ഞാത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്നോ ഫോൺ നമ്പറുകളിൽ നിന്നോ വരുന്ന ചാരിറ്റി അഭ്യർഥനകൾ വിശ്വസിച്ച് പണം നൽകുന്നവർ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം അക്കൗണ്ടുകളിലേക്ക് കൈമാറുന്ന തുക ഭീകരപ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ 'അമാൻ' വീഡിയോ പരിപാടിയിലൂടെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ആണ് പൊതുജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്. ഏതെങ്കിലും തുക ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ്, സഹായം അഭ്യർത്ഥിക്കുന്ന സംഘടനയ്ക്ക് ആവശ്യമായ ലൈസൻസ് ഉണ്ടോയെന്നും പണം എവിടേക്കാണ് പോകുന്നതെന്നും കൃത്യമായി പരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
"സഹായം ആവശ്യമുള്ള കുട്ടികളുടെ ചിത്രങ്ങൾ അടങ്ങിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കുമ്പോൾ ആളുകൾക്ക് സഹതാപവും ദാനമനസ്കതയും തോന്നാം. എന്നാൽ ഇത് ആ സംഘടനയുടെ വിശ്വാസ്യതയെക്കുറിച്ചോ, അതിന് ഔദ്യോഗിക ലൈസൻസ് ഉണ്ടോയെന്നതിനെക്കുറിച്ചോ ആലോചിക്കുന്നതിൽ നിന്ന് നമ്മെ തടയരുത്. സന്ദേശത്തിൽ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് യഥാർത്ഥമാണോ അതോ തട്ടിപ്പിനുള്ള വ്യാജ രൂപമാണോ എന്ന് ചിന്തിക്കണമെന്നും കേണൽ ഡോ. ഒസാമ ബഹാർ പറഞ്ഞു. സാധുക്കളായ ആളുകളെ സഹായിക്കാൻ അയക്കുന്ന പണം രാജ്യത്തിനും ജനങ്ങൾക്കും എതിരായ ഭീകരസംഘടനകളുടെ കൈകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിനാൽ അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് പകരം അംഗീകൃത ഔദ്യോഗിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് മാത്രം സാമ്പത്തിക സഹായങ്ങൾ നൽകണം. സാമ്പത്തിക പ്രതിസന്ധിയിലായവരെ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സഹായിക്കാൻ സാധിക്കുന്ന 'ഫാഇൽ ഖൈർ' , 'സക്കാത്ത് ഫണ്ട്' തുടങ്ങിയ സുരക്ഷിതമായ സർക്കാർ അംഗീകൃത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

