കരുതിയിരിക്കുക
text_fieldsഹിംസ തൻ വെടിയുണ്ട
നേഞ്ചേറ്റുവാങ്ങി
അഹിംസ തൻ ആൾരൂപ -
മുരുവിട്ട വാക്ക്
ഹേ റാം......
മനുഷ്യ മനസ്സിൽ
വിഷവിത്തുപാകി
വിഭജിച്ചു മണ്ണിൽ
വളർന്ന വർഗീയത
കൊന്നു തള്ളുന്നു
ഇന്നും മനുഷ്യനെ
രാമനാമത്തിന്റെ
പേരിൽ ഭയാനകം....
പേടിപ്പെടുത്തും
തെരുവുകളിലാൾക്കൂട്ട-
മാഘോഷമാക്കി
നടത്തുന്നു കൊലവിളി.....
സ്നേഹമാം തീക്ഷ്ണ
വെളിച്ചം മരിച്ച പോൽ
തെരുവിൽ വിലാപങ്ങളു-
യരുന്നു നിത്യവും.
ഇന്നലെ തമ്മിലറിഞ്ഞു
പുലർന്നവർ
ഇന്നിലെ ശത്രുവായ്
പരിണമിച്ചീടുന്നു.
ഒന്നിച്ചു തിന്നു
ശീലിച്ച രുചികളിൽ
പകയുടെ വെടിയുപ്പ്
ചേർക്കാൻ ശ്രമിക്കുന്നു.
പേരുകളൊക്കെയും
പേരുകളാവാതെ
പേരിന്റെ പൊരുളിൽ
ജാതകം തീർക്കുന്നു.
അറിവുകേട്ടാരോ
കൊടുത്തോരധികാരം
എന്നെയും, നിന്നെയും
ശത്രുവാക്കിടുന്നു!
ചാവാതിരിക്കുവാൻ,
തോൽക്കാതിരിക്കുവാൻ,
നമ്മൾക്ക് നമ്മളായ്
ജീവിച്ചു തീർക്കുവാൻ
നെഞ്ചിൽ കരുത്തായി
സ്നേഹം കരുതുക!
വിശ്വസംസ്കാരത്തെ
ഉൾക്കൊണ്ടുലകിന്
മാതൃക കാട്ടിയ നാടിൻ
ഹൃദയത്തിൽ
കെട്ട കാലത്തിന്റെ
കാലൊച്ചയായ്
കാലനെത്തുന്നു
മതമെന്ന വാളുമേന്തി!
കരുതിയിരിക്കുക
ഇവിടെയീ മണ്ണിന്റെ
നേരിനെ കാക്കുവാൻ....
കരുതിയിരിക്കുക
ഇവിടെയീ മണ്ണിന്റെ
സംസ്കൃതി കാക്കുവാൻ....
നാനാവിധങ്ങളെ
ഏകതമാക്കിയ
ജന്മദേശത്തിന്റെ
സ്പന്ദനം കാക്കുവാൻ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

