കവിത
text_fieldsഅൻവർ തായാട്ട്,സദാനന്ദൻ ടി.പി മലപ്പുറം
സങ്കൽപ്പചിത്രം-സദാനന്ദൻ ടി.പി മലപ്പുറം
എത്രചിന്തിച്ചാലും
എനിക്കു നിന്നിൽനിന്ന്
ഒളിക്കാനായി എന്തുണ്ട്....?
പലതും പറയരുതെന്നു
നിനച്ചാലും
നിന്നടുത്തെത്തവേ
അറിയാതെപറയപ്പെടുന്നു നിന്നോടായി
എന്റെ പ്രിയ സത്യങ്ങളിൽ
നീയാണല്ലോ വഴികാട്ടിയായവെളിച്ചം
ഋതുക്കളെത്ര മഴവില്ലുകളെപ്പോലെ
വന്നുമറഞ്ഞാലും
എന്റെ പ്രാണനിൽ
മറയാത്ത മഴവില്ലാണ്
നീയെന്നസ്വപ്നം
എഴുതാനിരിക്കുമ്പോഴെല്ലാം
വരികളിൽ
നിന്നെക്കുറിച്ചു പറയാനായി
ഒന്നുംതെളിയാറില്ല മനസ്സിൽ
നിനയ്ക്കാത്ത നേരത്ത്
നീ ചാരത്തണയുമ്പോൾ
വരികളുടെ വസന്തമാണ്
എന്നിലായി പൂക്കുന്നത്.....!
അലസമായൊഴുകുന്ന
ആത്മാവിന്റെ
തീരങ്ങളിലേക്ക്
നീ തുറന്നിട്ടസ്നേഹം
ഉന്മാദത്തിന്റെ
നിർവൃതിപകരുമ്പോൾ ,
ഒടുവിൽ മൗനത്തിന്റെ
ചെപ്പ് വീണുടയുന്നു
ഇനിയെനിക്കു
ചില അടയാളപ്പെടുത്തലുകളുണ്ട്
നിന്റെയിഷ്ടം
നിന്റെസാന്ത്വനം
നിന്റെസാമീപ്യം
എല്ലാം വിവർണനീയം
പിന്നെ, മരണത്തിനുമുമ്പേ
ഒരു കൂടിപ്പാർക്കൽ തീർച്ച.....!
അന്നെല്ലായിഷ്ടങ്ങളും
കൈമാറിയാടാം
മതിയാവോളം
നിൻ കരതലത്തിൽ
വീണുമയങ്ങണം!
എന്ന് മൃതദേഹം-അൻവർ തായാട്ട്
പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ
പൂക്കളർപ്പിക്കാൻ
മരിച്ചയാൾ തന്നെ ഏറ്റവും മുന്നിലുണ്ട്.
മരണവിവരം ആളുകളെ
അറിയിക്കാനും മരണപ്പെട്ടയാൾ
തന്നെയാണ് ഏറെയും
മുൻകൈയെടുക്കുന്നത്.
പരലോകത്ത് വേണ്ട
സൗകര്യങ്ങൾ ഒരുക്കാൻ
പണ്ട് മരിച്ചുപോയ ആരെയൊക്കെയോ
ഓർമപ്പെടുത്താൻ
അയാൾ ധിറുതി കൂട്ടുന്നുണ്ട്.
അലമാരയിൽ സൂക്ഷിച്ച അവയവദാന
സാക്ഷ്യപത്രം തിരയുന്നുണ്ട്
ചെകുത്താനോട് പൊരുതിത്തോറ്റ
ആ പച്ച മനുഷ്യൻ!!
സ്വർഗകവാട സൂക്ഷിപ്പുകാരനും
ജീവിച്ചു കൊതിതീരാതെ മരിച്ചുപോയവരും
അപരനായി ജീവൻ നൽകിയവരും
ധീര മൃതദേഹത്തിന്
വരവേൽപ്പൊരുക്കുന്നുണ്ട്.
നരകയനുയായികൾക്കിടയിൽ
മൃതദേഹം അവരുടെ ആളാണെന്ന്
ശക്തമായ ചർച്ചകൾ കേൾക്കുന്നുണ്ട്.
പരലോകത്തുനിന്ന് ഇഹലോകത്തേക്ക്
ഒരു കത്തുണ്ട്
ദൈവസ്തുതിയാൽ പ്രയാസങ്ങളില്ലാതെ
എത്തിയിട്ടുണ്ട്.
ഇഹലോകമാസ്വദിച്ചവർക്ക്
പരലോകത്തു പരമസുഖം തന്നെ.
ഇഹലോകത്തുള്ള പോലെയല്ലയീ പരലോകം.
ഇവിടെ ജനാധിപത്യമല്ല
സോഷ്യലിസമാണ് എല്ലാവരും
ഒരുപോലെ സന്തോഷത്തോടെ,
സമാധാനത്തോടെ ഐക്യപ്പെട്ടു
മരിച്ചുകിടക്കുന്നു.
എന്ന് മൃതദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

