വീടില്ലാത്ത ദേശാടനപ്പക്ഷി
text_fieldsമഴയും മഞ്ഞും പേറി, മലയും മരതകക്കാടും
താണ്ടി, പുഴയും, കടലും കടന്ന്..
ദേശാടനപ്പക്ഷി പറന്നു.
ഇടതടവില്ലാത്ത ഇരതേടൽ
കടലാഴങ്ങളിൽ വരാഹത്തെ തേടി
കൊക്കും നിറച്ചു ദേശാന്തരം കടന്നെത്തി.
പ്രിയരുടെ അല്ലലകറ്റാന്
പൈതങ്ങൾ തൻ വയർ നിറയ്ക്കാൻ
തൻ യൗവനവും
സുഖമോഹങ്ങളും വെടിഞ്ഞവൾ
വാർധക്യത്തിൻ നനവൂറും ഓർമകൾ
കണ്ണിൽ ജലബിന്ദുവായി.
ജീവിതസായാഹ്നത്തിൽ
ആലംബമില്ലാതുഴലുന്നു
കൂടൊഴിഞ്ഞ് അവസാനമായി
തിരിഞ്ഞൊന്നു നോക്കുമ്പോൾ
കണ്ണെടുക്കാതെ നോക്കീ മക്കളെ
പിന്നെ കണ്ണിലൂറും കവിതയിൽ
അലിഞ്ഞുപോയി.
ഓർമ താളിൽ അന്നംചിതറിയ
ചുണ്ടുമായവളുടെ ഇളംപൈതൽ.
കാലം കഴിയവേ എല്ലാം
മായയായി, അവളവർക്കന്യയായ്
മയക്കി കൈവശപ്പെടുത്തി സർവവും...
സ്വൈരം ഇല്ലാത്തോരു കൂടുമെനഞ്ഞു.
അമ്മക്കിളിയെ പുറന്തള്ളി.
ചിറകുകൾ കനം വെച്ചു, നെഞ്ചകം നീറുന്നു
സമയം ഏറെയായി
നീളും വനാന്തരം എങ്ങനെ പോയീടും
പറക്കാൻ ശക്തി തേടുമീ ചിറകുകൾ
കാറ്റിൻ ഗതിക്കൊപ്പം പറക്കാനാകാതെ ചിറകുകൾ കുഴയുന്നു.
വാടിത്തളർന്നു മനം
ദുഃഖ നീരദമായി ലക്ഷ്യമില്ലാതെ പറക്കുന്നു
വീടില്ലാത്ത ദേശാടനപ്പക്ഷി ഏകാന്തതയുടെ ഭീകരതയിൽ
ഭയചകിതയായി
ഉറക്കെ കരയാൻ പഠിച്ചു
ഒറ്റക്കിരിക്കാൻ പഠിച്ചു
തകർന്ന തന്ത്രികൾ നീട്ടി
തലതാഴ്ത്തി ദുർഘടമാ താഴ്വരയിലൂടെ
വീടില്ലാത്ത ദേശാടനപ്പക്ഷി..
ഏതോ ദേശാന്തരത്തിൽ ആയി
പിടഞ്ഞു മരിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

