കൂടുതല്‍ വിമാന സര്‍വിസുകള്‍ ആകര്‍ഷിക്കാൻ പദ്ധതി –മന്ത്രി
text_fieldsമനാമ: ബഹ്റൈനിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകര്‍ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗതാഗത-ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് വ്യക്തമാക്കി. കോവിഡ് പ്രതിരോധ വാക്സിന് സ്വീകരണം വിജയകരമായതിനുശേഷം രാജ്യത്തെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന വരുത്താനുള്ള നീക്കങ്ങളാണ് നടത്തുക.
എയര്‍ കമ്പനികള്‍ക്ക് വലിയ ഇളവുകള്‍ നല്‍കുകയും അതുവഴി ബഹ്റൈനിലേക്കുള്ള യാത്ര ആകര്‍ഷിക്കുകയും ചെയ്യും. കോവിഡ് മൂലം വിമാനയാത്ര കുറഞ്ഞതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായത്.
എയര്‍പോര്‍ട്ട് ജീവനക്കാരില്‍ സ്വദേശികളായ ഒരാളെയും കോവിഡ് പ്രതിസന്ധിക്കാലത്ത് ജോലിയില്‍നിന്നും പിരിച്ചുവിട്ടിട്ടില്ലെന്ന് പാര്‍ലമെൻറിലെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ സ്വദേശികളെ എയര്‍പോര്‍ട്ട് ജോലികള്‍ക്കായി നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

