നിർദേശത്തിന് പാർലമെന്റ് അംഗീകാരം; സ്വദേശികളുടെ ബിസിനസ് സംരംഭങ്ങൾക്കുള്ള സി.ആർ ഫീസ് കുറച്ചേക്കും
text_fieldsഎം.പി ജലാൽ ഖാദിം അൽ മഹ്ദൂദ്
മനാമ: രാജ്യത്ത് സ്വദേശികളുടെ ബിസിനസ് സംരംഭങ്ങളുടെ വാർഷിക വാണിജ്യ രജിസ്ട്രേഷൻ ഫീസ് (സി.ആർ) കുറക്കാൻ ധാരണയായി. ഇതിനെ സംബന്ധിച്ചുള്ള ബിൽ കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കി. ചെറുകിട ബിസിനസുകൾക്ക് സി.ആർ ഫീസ് 30 ബഹ്റൈൻ ദീനാറായും ബഹ്റൈനികളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് 60 ദീനാറായും വെട്ടിക്കുറക്കാനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. വിദേശ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്കുള്ള ഫീസ് ബന്ധപ്പെട്ട മന്ത്രിയുടെ അംഗീകാരത്തോടെ നിശ്ചയിക്കും.
2015 ലെ വാണിജ്യ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്തുന്ന പ്രസ്താവനയാണ് പാർലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയത്. ബിസിനസ് മേഖലയിലുള്ളവരുടെ സമ്മർദം കുറക്കാനും ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
2015 ലെ വാണിജ്യ രജിസ്ട്രേഷൻ നിയമപ്രകാരം നിലവിലുള്ള ഫീസ് ബിസിനസിലേക്കിറക്കാനൊരുങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണെന്നും അതിനൊരു മാറ്റമെന്നോണമാണ് പുതിയ നിർദേശം നടപ്പാക്കുന്നതെന്നും എം.പി ജലാൽ കാദം പറഞ്ഞു. ഫീസ് കുറക്കുന്നതിലൂടെ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഉപകാരപ്പെടുമെന്നും കാദം പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ സംരംഭകരുടെ പ്രതിസന്ധികൾക്ക് അയവുവരുമെന്ന് വിശ്വസിക്കുന്നതായും രാജ്യത്തെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂടുതൽ പ്രായോഗിക മാർഗമാണ് പുതിയ ഫീസ് ഘടനയെന്നും പദ്ധതിയെ പിന്തുണച്ച് സാമ്പത്തിക കാര്യ സമിതി അംഗം വ്യക്തമാക്കി.
എന്നാൽ, ഫീസിളവ് പരിഷ്കാരത്തിൽ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ഗൾഫ് രാജ്യങ്ങളെ താരതമ്യപ്പെടുത്തിയാണ് നിലവിലുള്ള ഫീസ് ഘടനയെന്നും അതിനു മാറ്റം വരുത്തുന്നത് ഇതിനകം സ്ഥാപിതമായ ഫ്രെയിംവർക്കിൽ പ്രവർത്തിക്കുന്ന ബിസിനസുകളെ അസ്വസ്ഥമാക്കുമെന്നും ചേംബർ ചൂണ്ടിക്കാട്ടി. ബഹ്റൈൻ ബിസിനസ് അസോസിയേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഇത് ചെറുകിട ബിസിനസ് ഉടമകൾക്ക് ആശ്വാസവും ബഹ്റൈന്റെ സമ്പദ്വ്യവസ്ഥക്കുള്ള മികച്ച നടപടിയാണെന്നും ബഹ്റൈൻ ബിസിനസ് അസോസിയേഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

