പി. ജയചന്ദ്രൻ എന്ന യഥാർഥ കലാകാരൻ
text_fieldsനിസാർ സാലി പി. ജയചന്ദ്രനൊപ്പം ബഹ്റൈനിൽ
(ഫയൽചിത്രം)
1990ൽ തുടങ്ങിയതാണ് ജയേട്ടനുമായുള്ള സൗഹൃദം. പി. ജയചന്ദ്രൻ എന്ന ഗായകൻ കേവലം സൗഹൃദത്തിനപ്പുറം എനിക്ക് ജ്യേഷ്ഠസഹോദര തുല്യനായിരുന്നു. ചമ്പക്കോട്ട് സ്കൂളിൽ അഞ്ചിൽ പഠിക്കുമ്പോൾ എ.ഇ.ഒ പരിശോധനക്ക് വരുന്നു. നടൻ ജഗന്നാഥ വർമയെ പോലെ ലുക്കുള്ളയാളായിരുന്നു അദ്ദേഹം.
പാട്ടുപാടാൻ അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എല്ലാവരും എന്റെ പേര് പറഞ്ഞു. തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ ജയചന്ദ്രൻ പാടിയ ‘പൂവും പ്രസാദവും’ എന്ന് തുടങ്ങുന്ന ഗാനം ഞാൻ പാടി. പാടിക്കഴിഞ്ഞപ്പോൾ എ.ഇ.ഒ ചോദിച്ചു. ആര് പാടിയ പാട്ടാണ്? പി. ജയചന്ദ്രൻ. ആരാണ് എഴുതിയത്? വയലാർ. സംഗീതം? ദേവരാജൻ. അന്നൊക്കെ ഒരു കുട്ടി പാട്ടിന്റെ പിന്നാമ്പുറ കാര്യം പറയുന്നത് വലിയ സംഭവമായിരുന്നു. ജയേട്ടനെ മനസ്സിൽ ആരാധിച്ചുതുടങ്ങിയ ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് ബഹ്റൈനിൽ വെച്ചാണ്. 1987ൽ പ്രവാസ ലോകത്തേക്കുപോയ ഞാൻ ബഹ്റൈനിൽ ഫിയറ്റ് കമ്പനിയിൽ സർവിസ് എൻജിനീയറായി ചുമതലയേറ്റു.
1990ൽ പി. ജയചന്ദ്രൻ ബഹ്റൈനിലെത്തിയപ്പോൾ അദ്ദേഹത്തെ ആദ്യമായി നേരിൽ കാണാൻ സാധിച്ചു. ഒരു പരിപാടിക്കായി എത്തിയ അദ്ദേഹത്തെ എയർപോർട്ടിൽനിന്ന് പിക് ചെയ്തത് ഞാനായിരുന്നു. അന്ന് തുടങ്ങിയ ബന്ധം മരണം വരെ തുടർന്നു. കരുനാഗപ്പള്ളിയിലെ എന്റെ വീട്ടിൽ നിരവധി തവണ അദ്ദേഹം അതിഥിയായി എത്തിയിട്ടുണ്ട്. ജയേട്ടന് താമസിക്കാൻ മുകളിൽ വിശാലമായ മുറി ഒരുക്കി.
അതിന് ജയേട്ടന്റെ മുറി എന്ന് പേർ ചൊല്ലി വിളിച്ചു. അഹങ്കാരം ഇല്ലാത്ത കലാകാരനായിരുന്നു അദ്ദേഹം. തന്റെ പാട്ടുകളെക്കുറിച്ചല്ല അദ്ദേഹം സംസാരിച്ചിരുന്നത്. ദാസേട്ടന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകളെക്കുറിച്ചായിരുന്നു.പ്രായം കൂടുംതോറും ജയേട്ടന്റെ ശബ്ദം കൂടുതൽ യൗവനതീക്ഷ്ണമായി. തന്നിലെ കലാകാരന്റെ വലുപ്പം അറിയാത്ത ഒരു ശുദ്ധ മനുഷ്യനായിരുന്നു ജയേട്ടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

