പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം; തയാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സ്വാഗതസംഘം
text_fieldsമുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനവുമായി ബന്ധപ്പെട്ട് കേരളീയ സമാജത്തിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ച് ഒക്ടോബർ 17ന് നടക്കുന്ന മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സ്വാഗതസംഘം അറിയിച്ചു. ഒക്ടോടോബർ 16ന് പുലർച്ചെ മുഖ്യന്ത്രി ബഹ്റൈനിലെത്തും.
പിറ്റേന്ന് വൈകീട്ട് 6.30ന് മലയാളം മിഷന്‍റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ബഹ്റൈനിലെ പ്രവാസി മലയാളികൾ ഒത്തുകൂടുന്ന പ്രവാസിസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം.എ. യൂസുഫലി എന്നിവർ പങ്കെടുക്കും.
നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി മുഖ്യമന്ത്രി ബഹ്‌റൈനിലെ മലയാളി പ്രവാസികളുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ചെയർമാൻ പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
വ്യക്തികൾക്കും പ്രവാസി സംഘടനകൾക്കും മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം ബഹ്റൈനിലെ അംഗീകൃത നോർക്ക കേന്ദ്രങ്ങളായ കേരളീയ സമാജത്തിലെയും, സൽമാനിയയിലുള്ള ബഹ്റൈൻ പ്രതിഭയുടയും ഓഫിസുകളിൽ വൈകുന്നേരം 5 മുതൽ ഒക്ടോബർ 16 വരെ സ്വീകരിക്കപ്പെടുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ പി. ശ്രീജിത്തും അറിയിച്ചു. മുഴുവൻ മലയാളികളുടെയും സാനിധ്യം സമാജത്തിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമായ മലയാളി പ്രവാസി സംഗമം വമ്പിച്ച വിജയമാക്കി തീർക്കാൻ ഏവരും സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.വി രാധാകൃഷ്ണപിള്ള, ജനറൽ കൺവീനർ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ലോകകേരള സഭാഗം സുബൈർ കണ്ണൂർ, പ്രതിഭ പ്രസിഡന്‍റ് ബിനു മണ്ണിൽ, മറ്റ് സമാജം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

