മുഖ്യമന്ത്രി 16ന് ബഹ്റൈനിൽ
text_fieldsസംഘാടകസമിതി രൂപവത്കരണ യോഗത്തിൽ നിന്ന്
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16ന് ബഹ്റൈനിലെത്തും. മലയാളം മിഷന്റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി ഉദ്ഘാടകനായി പങ്കെടുക്കും.
മുഖ്യമന്ത്രിയായശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. നേരത്തേ 2017ൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്സ് സല്മാന് ബിന് ഹമദ് ആല് ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയിരുന്നത്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ 2016ന് മുമ്പ് വിവിധ പരിപാടികൾക്കായും പിണറായി വിജയൻ ബഹ്റൈൻ സന്ദർശിച്ചിരുന്നു.
അതിവിപുലവും സമുചിതവുമായ സ്വീകരണം ഒരുക്കാനാണ് ബഹ്റൈനിലെ മലയാളി പ്രവാസികൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പി.വി. രാധാകൃഷ്ണപിള്ള ചെയർമാനും പി. ശ്രീജിത്ത് ജനറൽ കൺവീനറുമായി 501അംഗ സംഘാടകസമിതി രൂപവത്കരിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹികപ്രവർത്തകർ, മലയാളം മിഷൻ പ്രവർത്തകർ തുടങ്ങി പ്രവാസിസമൂഹത്തിലെ നാനാതുറകളിൽപെട്ടവർ പങ്കെടുത്തു.
യോഗത്തിൽ പങ്കെടുത്തവർ
യോഗത്തിൽ ലോക കേരള സഭ അംഗങ്ങളായ പി. ശ്രീജിത്ത്, പി.വി. രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ എന്നിവർ സ്വീകരണപരിപാടിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. വിവിധ സംഘടനാപ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
സന്ദർശനവേളയിൽ മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക മന്ത്രി സജി ചെറിയാനും ഉണ്ടായിരിക്കും. ഒക്ടോബർ 16ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങ് വലിയ വിജയമാക്കിത്തീർക്കുന്നതിന് ബഹ്റൈൻ മലയാളികൾ ഏവരുടെയും പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നതായി സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. ഒരു ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി സൗദിയിലേക്ക് പോകും.
ബഹിഷ്കരിച്ച് യു.ഡി.എഫ് അനുകൂല സംഘടനകൾ
മനാമ: മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ സംഘടനസമിതി രൂപവത്കരണ യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് അനുകൂല സംഘടനകൾ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ പലതും വാഗ്ദാനങ്ങളിൽ മാത്രമായി ഒതുക്കിയെന്നും പ്രകടനപത്രികയിൽ പരാമർശിച്ച വിഷയങ്ങൾ പോലും നടപ്പാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തീർത്തും രാഷ്ട്രീയലക്ഷ്യം മുന്നിൽകണ്ടാണ് സംഘടിപ്പിക്കുന്നതെന്നും അതുകൊണ്ടാണ് ഈ പരിപാടി തങ്ങൾ ബഹിഷ്കരിക്കുന്നതെന്നും ബന്ധപ്പെട്ട സംഘടനഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

