പിണറായി വിജയന് വിനയപൂർവം ....!
text_fieldsവീണ്ടും പ്രവാസ ലോകത്തിലേക്ക് വന്നെത്തിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഹൃദ്യമായ ആശംസകൾ ആദ്യമേ നേരട്ടെ. പതിറ്റാണ്ടുകളായി ഈ മരുഭൂമിയിൽ കഷ്ടപ്പെടുന്ന ഞാൻ ഉൾപ്പെടെ മനുഷ്യരുടെ പറഞ്ഞു പറഞ്ഞു പഴകിത്തഴമ്പിച്ച പ്രയാസങ്ങൾ വീണ്ടും നിരത്തി വെക്കാനല്ല ഈ കുറിപ്പ്, ഇക്കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ സഞ്ചരിച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ കണ്ട അടിസ്ഥാന വികസനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിക്കാനാണ്.
ഉദാഹരണത്തിനു മൂന്നാർ, കുമളി, വാഗമൺ മുതലായ ലോകം ഉറ്റുനോക്കുന്ന വിനോദസഞ്ചാര മേഖലകളിലെ ടൗണുകളിൽ കണ്ട പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. വിദേശികളും, ഇതര സംസ്ഥാനക്കാരും കൂടുതലായി വന്നിറങ്ങുന്ന ഇടങ്ങളിലെ നഗരങ്ങൾ മനോഹരമായി മോടിപിടിപ്പിക്കാനും, നിരത്തുകൾ സമയാ സമയം അറ്റ കുറ്റപ്പണി നടത്താനും ഗവൺമെന്റ് കൂടുതൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വാഗമണിലെ തന്നെ അഡ്വഞ്ചർ പാർക്കിൽ വലിയ തുക ഓരോ റൈഡിനും, തൂക്കു പാലത്തിൽ കയറാനുമൊക്കെ ഈടാക്കുമ്പോഴും അവിടേക്ക് എത്തിപ്പെടാനുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
അവിടെയൊക്കെ ലഭിക്കുന്ന കേവലം ഒരു ദിവസത്തെ വരുമാനം മാത്രം മതി ആ റോഡ് ഒന്ന് നന്നാക്കാൻ എന്ന കാര്യം ഓർത്തുപോയി. ലോകത്തിലെതന്നെ പ്രകൃതി രമണീയതയാൽ കാഴ്ചക്കാരെ കൊതിപ്പിക്കുന്ന ഇടങ്ങളാണ് നമ്മുടെ ഇടുക്കിയിലെയും വയനാട്ടിലെയും ആലപ്പുഴയിലെയുമൊക്കെയുള്ള പല സ്ഥലങ്ങളും എന്നിരിക്കെ പുതിയൊരു വികസന സംസ്കാരം ഇത്തരം പ്രദേശങ്ങളിൽ കൊണ്ടുവരുകയാണെങ്കിൽ അത് നമ്മുടെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാക്കുന്ന കുതിപ്പ് വളരെ വലുതായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ടതില്ല.
അവസാനമായി എന്റെ പ്രിയപ്പെട്ട സാഹിത്യ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ചാണ്. കേരളത്തിൽതന്നെ വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്ന കോഴിക്കോട് പട്ടണത്തിൽ കൊച്ചിയിലേതിനു സമാനമായി സ്വകാര്യ പങ്കാളിത്തത്തോടെ ഒരു മെട്രോ യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ റോഡുകളിൽ വീർപ്പുമുട്ടി നിൽക്കേണ്ടി വരുന്ന ജനത്തിന് അതു വലിയൊരു ഉപകാരമാവും എന്ന കാര്യം ഉറപ്പാണ്. മാത്രമല്ല നഗരത്തിന്റെ വികസനക്കുത്തിപ്പിന് അതു വലിയ ഉത്തേജനമാവുകയും ചെയ്യും.
തീർച്ചയായും ഈ രണ്ടു വിഷയങ്ങളും താങ്കൾ ശ്രദ്ധിക്കും എന്ന വിശ്വാസത്തോടെ എല്ലാ വിധ നന്മകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

