രാജ്യപുരോഗതിയുടെ അടിസ്ഥാനശില ജനങ്ങൾ -കിരീടാവകാശി
text_fieldsറമദാൻ മജ്ലിസുകൾ സന്ദർശിക്കാനെത്തിയ കിരീടാവകാശിയെ സ്വീകരിക്കുന്നു
മനാമ: ബഹ്റൈന്റെ വികസനക്കുതിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം രാജ്യത്തെ ജനങ്ങളാണെന്നും അവർക്ക് എല്ലാ മേഖലകളിലും മികച്ച അവസരങ്ങൾ ഉറപ്പാക്കുമെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം വിവിധ റമദാൻ മജ്ലിസുകൾ സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മീഡിയ അഫയേഴ്സ് ഉപദേശകൻ നബീൽ അൽ ഹമർ, പരേതനായ ഹാജി അഹ്മദ് മൻസൂർ അൽ ആലി, പരേതനായ ഹാജി ഹസ്സൻ അൽ ആലി എന്നിവരുടെ മജ്ലിസുകളാണ് കിരീടാവകാശി സന്ദർശിച്ചത്. റമദാൻ മാസം ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണെന്നും, റമദാൻ മജ്ലിസുകൾ ബഹ്റൈനി മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങൾക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച വേദികളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ബഹ്റൈൻ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ഇത് സർക്കാർ സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്നതെന്നും ഹമദ് രാജാവിന്റെ കാഴ്ചപ്പാടുകൾക്കും ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030നും അനുസൃതമായാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ധനകാര്യ-ദേശീയ സാമ്പത്തികകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കിരീടാവകാശിയോടൊപ്പം അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

