പൈതൃകസീസണിന്റെ ഭാഗമായി മുത്തുവാരൽ മത്സരം
text_fieldsമനാമ: എട്ടാമത് നാസർ ബിൻ ഹമദ് മറൈൻ പൈതൃക സീസണിന്റെ ഭാഗമായി ഈ വാരാന്ത്യം മുത്തുവാരൽ മത്സരം നടക്കും. ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റിയാണ് (മവ്റൂത്ത്) മത്സരം സംഘടിപ്പിക്കുന്നത്. മുഹറഖിന്റെ വടക്ക് ഭാഗത്തുള്ള ഹെയർ ഷാത്തിയ എന്നറിയപ്പെടുന്ന കടൽമേഖലയിലായിരിക്കും മത്സരം.
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടക്കുന്ന ഈ മത്സരത്തിൽ നിരവധി പ്രഫഷനൽ, അമേച്വർ ഡൈവർമാർ പങ്കെടുക്കും. രണ്ട് റൗണ്ടുകളിലായി നടക്കുന്ന ഈ മത്സരത്തിൽ, മത്സരാർഥികൾ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി ചിപ്പികൾ ശേഖരിക്കും.
പിന്നീട് ഈ ചിപ്പികളിൽനിന്ന് മുത്തുകൾ വേർതിരിച്ചെടുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തുക.
നമ്മുടെ പൂർവികരുടെ പൈതൃകം വീണ്ടെടുക്കാനും ഒരുകാലത്ത് ബഹ്റൈനിലെ ജനങ്ങളുടെ അഭിമാനത്തിന്റെയും ഉപജീവനത്തിന്റെയും ഉറവിടമായിരുന്ന മുത്തുകളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കാനുമുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണിത് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി തലവൻ അഹമ്മദ് അൽ ഹാജിരി പറഞ്ഞു. ഈ കലയുടെ തനിമ മത്സരാർഥികൾക്കും കാണികൾക്കും ഒരുപോലെ നൽകാൻ ഞങ്ങൾ ശ്രമിക്കും. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മത്സരം കൂടുതൽ അവബോധം വളർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ പരമ്പരാഗത തുഴച്ചിൽ മത്സരങ്ങൾ, കൈകൊണ്ട് മീൻപിടിത്തം, ശ്വാസം പിടിച്ചുനിർത്തൽ മത്സരം, കുട്ടികൾക്കുള്ള നീന്തൽ മത്സരം, പുതുതായി അവതരിപ്പിച്ച 'അൽ നഹാം' (പരമ്പരാഗത കടൽ ഗായകൻ) മത്സരം എന്നിവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

