ബി.ഡി.എഫ് പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ്; സല്യൂട്ട് സ്വീകരിച്ച് ശൈഖ് നാസർ
text_fieldsബി.ഡി.എഫ് സേനാംഗങ്ങളുടെ പ്രകടനങ്ങൾ വീക്ഷിക്കുന്ന ശൈഖ് നാസർ
മനാമ: ബഹ്റൈൻ പ്രതിരോധയുടെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിച്ച് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. രാജ്യസുരക്ഷക്ക് കരുത്തേകാൻ ബി.ഡി.എഫിന്റെ 57ാം വാർഷികത്തിൽ പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളെ ശൈഖ് നാസർ ചടങ്ങിൽ ബിരുദം നൽകി ആദരിച്ചു. റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ പുതുതായി ബിരുദം സ്വീകരിച്ച സേനാംഗങ്ങൾ സൈനികാഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ചു. സേനയുടെ പ്രകടനത്തെയും ആർജിച്ചെടുത്ത സൈനിക വൈദഗ്ധ്യത്തെയും പരിശീലന നിലവാരത്തെയും അതിനായി പരിശ്രമിച്ച പരിശീലകരെയും ശൈഖ് നാസർ അഭിനന്ദിച്ചു. സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ റോയൽ ഗാർഡിന്റെ പുരോഗതിക്കുള്ള ശ്രമങ്ങൾക്കും കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണക്കും ശൈഖ് നാസർ ബിരുദദാന ചടങ്ങിൽ ആശംസയറിയിച്ചു.
കൂടാതെ ബി.ഡി.എഫ് കമാൻഡർ-ഇൻ-ചീഫ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ മാർഗ നിർദേശങ്ങളെയും തദവസരത്തിൽ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനും അതിനോടുള്ള കടമകളിലും പൂർണസമർപ്പണ ബോധത്തിനും സ്ഥിരോത്സാഹത്തിനും സേനാംഗങ്ങളോട് ശൈഖ് നാസർ അഭ്യർഥിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അംഗങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ റോയൽ ഗാർഡിന്റെ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ ഹമദ് ഖലീഫ അൽ നുഐമി, മറ്റ് സൈനിക ഉദ്യോഗസ്ഥർ, റോയൽ ഗാർഡ് ഉദ്യോഗസ്ഥർ, ബിരുദധാരികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

