ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാരനെ ശുചിമുറിയിൽ പൂട്ടിയിട്ട് മോഷണം
text_fieldsമനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിക്കിടെ ഇന്ത്യൻ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം മോഷ്ടിച്ച സംഭവത്തിൽ രണ്ട് ബഹ്‌റൈനി കസ്റ്റംസ് ഉദ്യോഗസ്ഥർ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മോഷണം നടത്തുക, നിയമവിരുദ്ധമായി ഒരാളുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക, കസ്റ്റംസ് നിയമങ്ങൾ ലംഘിച്ച് പരിശോധന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അബുദാബിയിലേക്ക് പോകാനെത്തിയ ഇന്ത്യൻ യാത്രക്കാരനെ രണ്ട് ഉദ്യോഗസ്ഥർ തടയുകയും നിർബന്ധപൂർവ്വം വിമാനത്താവളത്തിലെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ശുചീകരണ തൊഴിലാളിയോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷം ഇവർ യാത്രക്കാരനെ ഒരു കാബിനുള്ളിലാക്കി പൂട്ടി. തന്റെ കൈവശം 40,100 സൗദി റിയാൽ ഉണ്ടെന്ന് യാത്രക്കാരൻ അറിയിച്ചെങ്കിലും, ഉദ്യോഗസ്ഥർ ഇയാളെ ഭീഷണിപ്പെടുത്തുകയും അതിക്രമം കാട്ടി പണം പരിശോധിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ വിമാനത്തിൽ കയറ്റി വിട്ടു. വിമാനത്തിൽ വെച്ച് എണ്ണിനോക്കിയപ്പോഴാണ് 3,500 റിയാൽ നഷ്ടപ്പെട്ടതായി യാത്രക്കാരൻ തിരിച്ചറിഞ്ഞത്.
രണ്ട് ദിവസത്തിന് ശേഷം ബഹ്‌റൈനിൽ തിരിച്ചെത്തിയ യാത്രക്കാരൻ അധികൃതർക്ക് പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇയാളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പ്രതികളിൽ ഒരാൾ 2,000 റിയാൽ മോഷ്ടിച്ചതായും അത് ഇരുവരും വീതിച്ചെടുത്തതായും സമ്മതിച്ചു. മുമ്പും ഇത്തരത്തിൽ യാത്രക്കാരെ കൊള്ളയടിച്ചിട്ടുണ്ടെന്നും പ്രതി വെളിപ്പെടുത്തി.
വിമാനത്താവളത്തിൽ സംശയകരമായ രീതിയിൽ പണമോ സ്വർണ്ണമോ കണ്ടാൽ അത് മേലുദ്യോഗസ്ഥരെ അറിയിക്കുകയും നിശ്ചിത കേന്ദ്രങ്ങളിൽ വെച്ച് പരിശോധിക്കുകയുമാണ് ചട്ടം. എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥർ ശുചിമുറിയിൽ വെച്ച് അതിക്രമം നടത്തിയത്. ശുചീകരണ തൊഴിലാളിയുടെ സാക്ഷിമൊഴിയും പ്രതികൾക്കെതിരായ പ്രധാന തെളിവായി കോടതി സ്വീകരിച്ചു. പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിനായി കോടതി കേസ് ഡിസംബർ 28-ലേക്ക് മാറ്റി വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

