പാർലമെൻറ്, മുനിസിപ്പൽ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പരിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണസന്ദേശം പ്രദർശിപ്പിച്ചപ്പോൾ
സ്വന്തം പേരിൽ വസ്തുവുള്ള പ്രവാസികൾക്ക് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം
മനാമ: നവംബർ 12ന് നടക്കുന്ന പാർലമെൻറ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കരട് വോട്ടർപട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാനദിവസം ബുധനാഴ്ചയാണ്. പട്ടിക പരിശോധിച്ച് പേരുണ്ടെന്ന് ഉറപ്പുവരുത്താൻ ഇലക്ഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി വോട്ടർമാരോട് ആഹ്വാനംചെയ്തു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിന് രാജ്യത്ത് വ്യാപക പ്രചാരണം തുടങ്ങിയിട്ടുണ്ട്. വലിയ കെട്ടിടങ്ങളിൽ ചുവപ്പുനിറത്തിൽ ദീപാലങ്കാരമൊരുക്കിയാണ് തെരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. 'ഞങ്ങൾ ബഹ്റൈനുവേണ്ടി വോട്ട് ചെയ്യുന്നു' എന്ന മുദ്രാവാക്യം പ്രദർശിപ്പിക്കുകയും ചെയ്തു. പൊതുനിരത്തുകളിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണ ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് പ്രചാരണങ്ങളുടെ ലക്ഷ്യം. മുനിസിപ്പൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബഹ്റൈനിൽ സ്വന്തം പേരിൽ സ്വത്തുള്ള പ്രവാസികൾക്കും വോട്ട് ചെയ്യാൻ അനുവാദമുണ്ട്. പ്രാദേശികമായ വിഷയങ്ങൾ ചർച്ചചെയ്യുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന മുനിസിപ്പൽ കൗൺസിലിൽ എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അർഹതയുള്ള പ്രവാസികൾ വോട്ട് ചെയ്യാൻ സന്നദ്ധരാകണമെന്ന് അധികൃതർ ആഹ്വാനംചെയ്തിട്ടുണ്ട്. ബഹ്റൈനിലുള്ള പ്രവാസികളിൽ നാല് ശതമാനത്തോളം പേർക്കാണ് സ്വത്തവകാശമുള്ളത്.
ഇവരിൽതന്നെ 70 ശതമാനം പേരും ജി.സി.സി പൗരൻമാരാണ്. എല്ലാ ഗവർണറേറ്റുകളിലും സ്ഥാപിച്ചിട്ടുള്ള സൂപ്പർവിഷൻ സെൻററുകളിലും www.vote.bh/ar/eServices.html എന്ന വെബ്സൈറ്റിലും വോട്ടർപട്ടിക പരിശോധിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പട്ടിക പരിശോധിക്കാൻ ആഹ്വാനം ചെയ്ത് വിവിധ ടെലികോം കമ്പനികളുമായി സഹകരിച്ച് ഇലക്ഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി വോട്ടർമാർക്ക് സന്ദേശം അയക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

