വൈദ്യുതി, ജല ഫീസ് ഉയർത്തൽ നിർത്തിവെക്കാനുള്ള അടിയന്തര പ്രമേയം പാസാക്കി പാർലമെന്റ്
text_fieldsമനാമ: വൈദ്യുതി, ജല ബില്ലുകൾക്കായി മുനിസിപ്പാലിറ്റി ഈടാക്കുന്ന ഫീസ് രണ്ട് ദീനാറിൽനിന്ന് അഞ്ച് ദീനാറാക്കി ഉയർത്തുന്നതിനെതിരെ പാർലമെന്റ് രംഗത്ത്. തീരുമാനം താൽക്കാലികമായി നിർത്തിവെക്കാനുള്ള അടിയന്തര പ്രമേയം ഇന്നലെ എം.പിമാർ ഏകകണ്ഠമായി അംഗീകരിച്ചു.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു അനകിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ സമർപ്പിച്ച പ്രമേയം അടിയന്തര അവലോകനത്തിനായി മന്ത്രിസഭയിലേക്ക് കൈമാറിയിട്ടുണ്ട്. 150 ശതമാനമാണ് ഫീസ് വർധന പ്രഖ്യാപിച്ചത്. ഇത് രാജ്യത്തുടനീളം ആശങ്കക്കിടയാക്കിയിരുന്നു. മേയ് ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനോടകം പലർക്കും വർധിച്ച ഫീസോടു കൂടിയ ബില്ലുകൾ നൽകിയതായി തെളിവു സഹിതം എം.പിമാർ ചർച്ചയിൽ ഉയർത്തിക്കാട്ടി. ഇത് അടിയന്തര നിർദേശത്തിന് ആക്കം കൂട്ടുകയായിരുന്നു. ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് ഫീസ് വർധനവെന്നും മൂന്ന് ദീനാറിന്റെ വർധന എന്നാൽ സാധാരണക്കാരെ സാരമായി ബാധിക്കുമെന്നും ബു അനക് പറഞ്ഞു.
അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താൻ കഴിയാത്ത ജനങ്ങൾ ഞങ്ങളെ സഹായങ്ങൾക്കായി സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം നിർദേശത്തെ അംഗീകരിക്കുകയും വിഷയം മന്ത്രിസഭയിൽ ഗൗരവത്തോടെ ഉന്നയിക്കുമെന്നും പറഞ്ഞു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ജനങ്ങൾക്ക് മേലുള്ള അനാവശ്യ സാമ്പത്തിക സമ്മർദത്തെ പാർലമെന്റ് ഐക്യത്തോടെ എതിർക്കുന്നുവെന്നും വ്യക്തമായ ന്യായമോ പൊതു ജനാഭിപ്രായം തേടാതെയോ ബില്ല് നടപ്പാക്കാൻ ശ്രമിച്ചാൽ പാർലമെന്റ് വെറുതെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തീരുമാനങ്ങളിൽ യുക്തിയും സുതാര്യതയും വേണമെന്നും സ്പീക്കർ പറഞ്ഞു.
എന്നാൽ, പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും പരീക്ഷണ ഘട്ടത്തിലാണെന്നും മുനിസിപ്പാലിറ്റികാര്യ, കൃഷി മന്ത്രി വഈഅൽ മുബാറക്ക് മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

