കാറിൽ ഷീഷ വലിക്കുന്നതിന് വിലക്കില്ലെന്ന് പാർലമെന്റ്
text_fieldsമനാമ: പാർക്ക് ചെയ്തിരിക്കുന്ന കാറിലിരിക്കുന്ന ഉപഭോക്താക്കൾക്ക് കഫേകളും റസ്റ്റാറന്റുകളും ഷീഷ നൽകുന്നത് തടയാനുള്ള നീക്കങ്ങൾക്കെതിരെ പാർലമെന്റിന്റെ എതിർപ്പ്. വ്യക്തമായ നിയമപരമായ നിരോധനം ഇല്ലാത്ത സാഹചര്യത്തിൽ ഈ സേവനം ലംഘനമായി കണക്കാക്കാനാകില്ലെന്ന് പാർലമെന്റ് വ്യക്തമാക്കി. കാറിന്റെ ജനൽ വഴി പൈപ്പ് പുറത്തേക്ക് വെച്ച് ഷീഷ നൽകുന്നത് നിയമ ലംഘനമാണെന്ന് ഇൻസ്പെക്ടർമാർ അറിയിച്ചതിനെ തുടർന്ന് കഫേ ഉടമകൾ പരാതി നൽകിയതിനെത്തുടർന്നാണ് ഈ വിഷയം ചർച്ചയായത്.
വ്യവസായ മന്ത്രാലയവുമായി നടത്തിയ പരിശോധനയിൽ ഇത്തരം കാര്യങ്ങൾ തടഞ്ഞുകൊണ്ട് നിലവിൽ വാണിജ്യ ചട്ടങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായതായി പാർലമെന്റിന്റെ ഫിനാൻഷ്യൽ ആൻഡ് എക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാനും ബഹ്‌റൈൻ ചേമ്പർ ട്രഷററുമായ അഹമ്മദ് അൽ സല്ലൂം പറഞ്ഞു. നിരോധനം ഇല്ലാത്ത സ്ഥലങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഫേകൾക്ക് നൽകിയിട്ടുള്ള വാണിജ്യ ലൈസൻസിന് കീഴിൽ വരുന്നതാണ് ഈ സേവനമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്കും നടപടിക്രമങ്ങൾക്കും കീഴിൽ കടകളിൽ നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ ഷീഷ സേവനങ്ങൾ അനുവദനീയമാകൂ എന്നാണ് വ്യവസായ മന്ത്രാലയം രേഖാമൂലം അറിയിച്ചിട്ടുള്ളത്. എന്നാൽ ഇതിനുള്ള കൃത്യമായ നിയമപരമായ വിശദീകരണങ്ങൾ നൽകിയിട്ടില്ല. പാർലമെന്റും മന്ത്രാലയവും തമ്മിലുള്ള ഈ തർക്കം തുടരുകയാണെങ്കിൽ, വിഷയം നിയമോപദേശ കമ്മീഷന്റെ അന്തിമ തീരുമാനത്തിനായി വിടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

