ബഹ്റൈനിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ പാർലമെന്റ് ഇടപെടൽ
text_fieldsമനാമ: ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ പക്കലുള്ള തൊഴിൽ ഒഴിവുകൾ, തൊഴിലന്വേഷകരുടെ ഫയലുകൾ ക്ലോസ് ചെയ്യുന്ന രീതി, തൊഴിലില്ലായ്മ വേതനം നിർത്തലാക്കുന്ന നടപടിക്രമങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട പാർലമെന്ററി അന്വേഷണ സമിതി ആദ്യ ഫീൽഡ് വിസിറ്റ് നടത്തി.
സമിതി അധ്യക്ഷ ജലീല അലവി അൽ സയീദിന്റെ നേതൃത്വത്തിൽ ജനുവരി 14നായിരുന്നു സന്ദർശനം.തൊഴിൽ-നിയമകാര്യ മന്ത്രി യൂസിഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫുമായും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും സമിതി വിശദമായ ചർച്ചകൾ നടത്തി. മന്ത്രാലയത്തിന്റെ റെക്കോഡുകളിലുള്ള ഒഴിവുകളുടെ കൃത്യത ഉറപ്പുവരുത്തുക, ഈ ഒഴിവുകളിലേക്ക് സ്വദേശികളെ നിയമിക്കുന്നതിലെ സുതാര്യത വിലയിരുത്തുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
തൊഴിലുടമകൾ നൽകുന്ന ഒഴിവുകൾ സ്വദേശികൾക്ക് ലഭ്യമാക്കുന്ന മന്ത്രാലയത്തിന്റെ ആധുനിക ഇലക്ട്രോണിക് സംവിധാനത്തെക്കുറിച്ച് സമിതിക്ക് നേരിട്ട് ബോധ്യപ്പെട്ടതായി ജലീല അലവി അൽ സയീദ് പറഞ്ഞു.
സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായ ദൃശ്യാവതരണം നടത്തി. തൊഴിലന്വേഷകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും സ്വദേശികളുടെ ജീവിതനിലവാരവും സാമൂഹിക അന്തസ്സും സംരക്ഷിക്കുന്ന തരത്തിൽ ദേശീയ കർമപദ്ധതി തയാറാക്കാനുമാണ് സമിതി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

