പാർപ്പിടം, ജീവിതച്ചെലവ് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് നിർദേശങ്ങൾക്ക് പാർലമെന്റ് അംഗീകാരം
text_fieldsമനാമ: ബഹ്റൈനിലെ സാധാരണക്കാരായ കുടുംബങ്ങൾ നേരിടുന്ന ജീവിതച്ചെലവും പാർപ്പിട പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മൂന്ന് സുപ്രധാന നിർദേശങ്ങൾ പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. ഏഴര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ഭവന നവീകരണം, വൈദ്യുതി നിരക്ക്, റമദാൻ ആനുകൂല്യങ്ങൾ എന്നിവയിൽ എം.പിമാർ സർക്കാറിന്റെ ശ്രദ്ധ ക്ഷണിച്ചത്.
മസായ ഭവന പദ്ധതി വഴി വീട് സ്വന്തമാക്കിയവർക്ക് നിലവിൽ വീട് പുതുക്കിപ്പണിയാനോ വികസിപ്പിക്കാനോ വായ്പ ലഭിക്കുന്നില്ല. വീടിന്റെ ഉടമസ്ഥാവകാശം ബാങ്കുകളിൽ പണയത്തിലായതാണ് ഇതിന് തടസ്സമാകുന്നത്. ഇത് പരിഹരിക്കാൻ ഹൗസിങ് ബാങ്കും ധനകാര്യ ബാങ്കുകളും ചേർന്ന് ‘ജോയന്റ് മോർട്ട്ഗേജ്’ സംവിധാനം ഏർപ്പെടുത്തണമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു അനക് ആവശ്യപ്പെട്ടു.
ഒരേ വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുമ്പോൾ എല്ലാവരുടെയും ഉപയോഗം ഒരു മീറ്ററിൽ രേഖപ്പെടുത്തുന്നത് ഉയർന്ന താരിഫ് ഈടാക്കാൻ കാരണമാകുന്നുണ്ട്. ഇത് സാധാരണക്കാർക്കും വിരമിച്ചവർക്കും വലിയ സാമ്പത്തിക ഭാരമാണ്. ഓരോ കുടുംബത്തിനും പ്രത്യേകം മീറ്ററുകൾ അനുവദിക്കുന്നതിലൂടെ അമിത ബില്ലിൽ നിന്ന് ഒഴിവാകാനും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും സാധിക്കുമെന്ന് എം.പി ഡോ. അബ്ദുൽ ഹക്കീം അൽ ഷെനോ പറഞ്ഞു. കൂടാതെ റമദാൻ മാസത്തിൽ പ്രത്യേക ധനസഹായം തുടങ്ങിയ നിർദേശങ്ങളാണ് എം.പിമാർ മുന്നോട്ടുവെച്ചത്. പാർലമെന്റ് ആക്ടിങ് സ്പീക്കർ അബ്ദുൽനബി സൽമാൻ വോട്ടെടുപ്പിന് നേതൃത്വം നൽകി. രാജ്യത്തെ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന സന്ദേശമാണ് ഈ ഏകകണ്ഠമായ തീരുമാനം നൽകുന്നത്.
റമദാൻ ആശ്വാസ പദ്ധതി: വൗച്ചറുകളും ഫീസ് ഇളവുകളും നൽകാൻ പാർലമെന്റിൽ നിർദേശം
മനാമ: റമദാൻ മാസത്തിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ഭാരം കുറക്കുന്നതിനായി പാർലമെന്റിൽ അടിയന്തര നിർദേശം സമർപ്പിച്ചു. ഡിജിറ്റൽ ഫുഡ് വൗച്ചറുകൾ, അവശ്യസാധനങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ, സർക്കാർ ഫീസുകൾ അടക്കുന്നതിന് ഒരു മാസത്തെ സാവകാശം എന്നിവയുൾപ്പെടെയുള്ള വിപുലമായ ആശ്വാസ പദ്ധതികളാണ് എം.പിമാർ മുന്നോട്ടുവെച്ചത്.
അർഹരായ കുടുംബങ്ങൾക്ക് റമദാൻ മാസത്തിൽ അവശ്യഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിനായി ഡിജിറ്റൽ വൗച്ചറുകൾ നൽകുക, മാളുകളുമായും റീട്ടെയിൽ വ്യാപാരികളുമായും സഹകരിച്ച് തിരഞ്ഞെടുത്ത അവശ്യവസ്തുക്കൾക്ക് റമദാനിലുടനീളം പ്രത്യേക ഡിസ്കൗണ്ട് ഏർപ്പെടുത്തുക, ഹൗസിങ് ഇൻസ്റ്റാൾമെന്റുകൾ, മുനിസിപ്പൽ ഫീസുകൾ, പബ്ലിക് പാർക്കിങ് ചാർജുകൾ തുടങ്ങിയവ അടക്കുന്നതിന് ഒരു മാസത്തെ ഇളവ് നൽകുക. ഇതിന് പിഴയോ പലിശയോ ഈടാക്കരുത്. സർക്കാർ നടത്തുന്ന പ്രദർശനങ്ങൾ, സാംസ്കാരിക-വിനോദ പരിപാടികൾ എന്നിവയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുക എന്നിവയാണ് നിർദേശത്തിലുള്ളത്. റമദാൻ മാസത്തിൽ ഭക്ഷണത്തിനും സാമൂഹികമായ കടമകൾക്കുമായി കുടുംബങ്ങളുടെ ചെലവ് വർധിക്കുന്നുണ്ടെങ്കിലും വരുമാനത്തിൽ മാറ്റമുണ്ടാകുന്നില്ലെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
ഇത് സാധാരണക്കാരായ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സ്ഥിരമായ ഇളവുകൾക്ക് പകരം, റമദാൻ മാസത്തിൽ മാത്രം പരിമിതപ്പെടുത്തിയുള്ള താൽക്കാലിക സഹായമാണ് എം.പിമാർ ആവശ്യപ്പെടുന്നത്. ഇത് സർക്കാറിന്റെ ദീർഘകാല ബജറ്റിനെ ബാധിക്കില്ലെന്നും നിലവിലുള്ള സർക്കാർ സംവിധാനങ്ങളിലൂടെ തന്നെ നടപ്പിലാക്കാൻ കഴിയുമെന്നും അവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

