‘ആഫ്റ്റർ സ്കൂൾ’ പദ്ധതിക്ക് പാർലമെന്റ് അംഗീകാരം
text_fieldsഡോ. മുനീർ സുരൂർ എം.പി
മനാമ: കുട്ടികൾക്കിടയിലെ സ്മാർട്ട് ഫോൺ അമിത ഉപയോഗം തടയുന്നതിനും അവരുടെ ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുമായി സ്കൂൾ സമയത്തിനുശേഷം പ്രത്യേക വിനോദ-വിദ്യാഭ്യാസ പരിപാടികൾ നടപ്പാക്കാൻ ബഹ്റൈൻ പാർലമെന്റ് തീരുമാനിച്ചു. ഡോ. മുനീർ സുരൂർ ഉൾപ്പെടെ അഞ്ച് എം.പിമാർ സമർപ്പിച്ച അടിയന്തര പ്രമേയത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. കുടുംബങ്ങൾക്കിടയിൽ കുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളോടുള്ള ആസക്തി പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡോ. മുനീർ സുരൂർ മുന്നറിയിപ്പ് നൽകി. സ്കൂൾ കഴിഞ്ഞുള്ള ഒഴിവുസമയം ഭൂരിഭാഗം കുട്ടികളും സ്ക്രീനുകൾക്ക് മുന്നിലാണ് ചെലവഴിക്കുന്നത്. ഇത് സാമൂഹിക ഒറ്റപ്പെടൽ, ആശയവിനിമയ ശേഷിക്കുറവ്, ഉറക്കമില്ലായ്മ, നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകുന്നുണ്ടെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. നിർദേശപ്രകാരം സ്കൂൾ സമയത്തിനുശേഷം കായികം, കല, സംസ്കാരം, ടീം ഗെയിമുകൾ, സ്കൗട്ടിങ് എന്നിവക്കായി സമയം ക്രമീകരിക്കും. കുട്ടികളെയും കുടുംബങ്ങളെയും ഒന്നിപ്പിക്കുന്നതിനായി ഫോണുകൾ ഒഴിവാക്കിയുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ശാരീരിക അധ്വാനം ആവശ്യമായ പഴയകാല കളികളെ വീണ്ടെടുക്കാനും സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസം, സാമൂഹിക വികസനം, കായികം, ആരോഗ്യം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. റമദാൻ മാസത്തിൽ കുട്ടികൾ രാത്രി വൈകി ഉറങ്ങുന്നതും പുറംപ്രവർത്തനങ്ങൾ കുറവായതും കാരണം സ്ക്രീൻ ഉപയോഗം വർധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ സമയത്ത് കൂടുതൽ ശ്രദ്ധ വേണമെന്നും ഡോ. സുരൂർ ആവശ്യപ്പെട്ടു. സാങ്കേതികവിദ്യക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ അത് കുട്ടികളുടെ ജീവിതത്തിലെ ഏക വിനോദമായി മാറാൻ അനുവദിക്കരുതെന്നും എം.പിമാർ വ്യക്തമാക്കി. നിലവിലുള്ള സ്കൂളുകൾ, ക്ലബുകൾ, പാർക്കുകൾ എന്നിവ പ്രയോജനപ്പെടുത്തി ഈ പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് പാർലമെന്റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം പറഞ്ഞു. തുടർ നടപടിക്കായി നിർദേശം മേൽകമ്മിറ്റിക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

