മുഹറഖ് സൂക്കിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കും
text_fieldsമനാമ: മുഹറഖ് സൂക്കിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ബഹ്റൈൻ. നഗരത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ട് കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിനായി മുനിസിപ്പാലിറ്റീസ് കാര്യ മന്ത്രാലയം, ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസുമായി (ബി.എ.സി.എ) സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.മുഹറഖിന്റെ വികസനത്തിനായി നഗരവ്യാപക എൻജിനീയറിങ് പഠനങ്ങൾ നടത്താൻ മുനിസിപ്പാലിറ്റീസ് മന്ത്രാലയം പൊതുമരാമത്ത് മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു.
ഇതിനിടെ ഹലാത് നയീം, ഹലാത് സെൽത്ത എന്നിവിടങ്ങളിലെ കനാലിന്റെയും മത്സ്യത്തൊഴിലാളികൾക്കായുള്ള പ്രത്യേക പാതയുടെയും പുരോഗതിയും മന്ത്രാലയം വിലയിരുത്തി. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റും പൊതുമരാമത്ത് മന്ത്രാലയവും സംയുക്തമായി നടത്തിയ സാങ്കേതിക, പാരിസ്ഥിതിക പഠനത്തിൽ, ജലപ്രവാഹം മെച്ചപ്പെടുത്തുന്നതിനായി കടൽത്തീര പരിധിക്കുള്ളിൽ ആഴം കൂട്ടാനും ശുചീകരിക്കാനും ശിപാർശയുണ്ട്.
കൂടാതെ, അറാദിനെ രണ്ട് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന റോഡിനടിയിൽ ഒരു അടിപ്പാത നിർമിക്കണമെന്നും പഠനത്തിൽ പറയുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി പൊതുമരാമത്ത് മന്ത്രാലയത്തിന് ഫണ്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പാതയുമായി ബന്ധപ്പെട്ട്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോസ്റ്റ് ഗാർഡ് ഡയറക്ടറേറ്റിൽ നിന്ന് ഖനനത്തിനുള്ള അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

