സിത്രയിൽ പാർക്കിങ് സൗകര്യം വർധിപ്പിക്കുന്നു
text_fieldsമനാമ: സിത്രയിലെ പാർക്കിങ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മൂന്ന് സ്വകാര്യ വസ്തുക്കൾ ഏറ്റെടുത്ത് പൊതു പാർക്കിങ് കേന്ദ്രങ്ങളാക്കി മാറ്റാൻ ക്യാപിറ്റൽ മുൻസിപ്പൽ കൗൺസിൽ ശുപാർശ ചെയ്തു. കൗൺസിലിന്റെ പത്താം സെഷനിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ അവലോകനം ചെയ്തത്.
മേഖലയിലെ ആരാധനാലയങ്ങളിലും സാമൂഹിക കേന്ദ്രങ്ങളിലും എത്തുന്നവർക്ക് ട്രാഫിക് തടസ്സമില്ലാതെ പാർക്കിങ് ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ശൈഖ് അബ്ദുല്ല അൽ മുഖാലിദ് മസ്ജിദും ഖബറിസ്ഥാനും, സുൽത്താൻ മസ്ജിദ്, ഷെയ്ഖ് അലി അൽ ഷമ്മാലി മാതം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്നവർക്കായിരിക്കും ഈ പാർക്കിങ് സൗകര്യം പ്രയോജനപ്പെടുക. റോഡരികിലെ അനധികൃത പാർക്കിങ് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പാക്കും. വയോധികർക്കും ഭിന്നശേഷിക്കാർക്കും ആരാധനാലയങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുക.
"നേരത്തെ ഈ പ്രദേശങ്ങളിൽ ലഭ്യമായിരുന്ന ഒഴിഞ്ഞ സ്ഥലങ്ങളെല്ലാം ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെട്ടുകഴിഞ്ഞു. അതിനാൽ തന്നെ പ്രത്യേകമായ പാർക്കിങ് സൗകര്യം അനിവാര്യമായിരിക്കുകയാണ്." എൻജിനീയർ മുഹമ്മദ് തൗഫീഖ് അൽ അബ്ബാസ് (മുൻസിപ്പൽ കൗൺസിൽ അംഗം) പറഞ്ഞു.
പ്രദേശത്തെ സുൽത്താൻ മസ്ജിദിന് ഹിജ്റ വർഷം 1091 മുതലുള്ള പഴക്കമുണ്ടെന്ന് കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ, കോവിഡ് കാലഘട്ടത്തിൽ സിത്രയിലെയും സമീപ പ്രദേശങ്ങളിലെയും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനുള്ള പ്രധാന ഖബർസ്ഥാനായി ഈ മേഖല പ്രവർത്തിച്ചിരുന്നു. ഈ പൈതൃകവും പ്രാധാന്യവും പരിഗണിച്ചു കൂടിയാണ് പാർക്കിങ് വികസനം നടപ്പിലാക്കുന്നത്.
സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ഈ നിർദേശം ഏകകണ്ഠമായി അംഗീകരിച്ചു. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങൾ ശാസ്ത്രീയമായി രൂപകൽപന ചെയ്ത് ട്രാഫിക് സുരക്ഷ ഉറപ്പാക്കാനുള്ള സാങ്കേതിക പരിശോധനകൾ വരും ദിവസങ്ങളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

