വിമാനത്താവളത്തിന് സമീപം വീണ്ടും പാർക്കിങ് പ്രതിസന്ധി; വാടക കാറുകൾക്കെതിരെ നടപടിക്ക് നീക്കം
text_fieldsഎ.ഐ ചിത്രം
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പാർക്കിംഗ് പ്രതിസന്ധി വീണ്ടും രൂക്ഷം. വാടക കാർ കമ്പനികൾ മുൻപ് ഉണ്ടാക്കിയ ധാരണകൾ ലംഘിച്ച് ജനവാസ മേഖലകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിയമനടപടികളും പോലീസ് ഇടപെടലും ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് അധികൃതർ നീങ്ങുകയാണെന്ന് എം.പി മുഹമ്മദ് അൽ ഒലൈവി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബഹ്‌റൈൻ എയർപോർട്ട് കമ്പനിയും പാർക്കിംഗ് ഓപ്പറേറ്ററായ അമാക്കിനും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വാടക കാറുകൾ വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. മാസം ഒരു കാറിന് 20 ദീനാർ എന്ന നിരക്കിലായിരുന്നു ഈ സൗകര്യം. എന്നാൽ കമ്പനികളുടെ കൈവശമുള്ള വാഹനങ്ങളുടെ എണ്ണം അനുവദിക്കപ്പെട്ട സ്ഥലത്തേക്കാൾ അഞ്ചിരട്ടിയോ ആറിരട്ടിയോ അധികമായതോടെ, പല കമ്പനികളും വീണ്ടും ബ്ലോക്ക് 202 ഉൾപ്പെടെയുള്ള താമസമേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങി. ഇത് താമസക്കാരുടെ വീടുകൾക്ക് മുന്നിലും ഗാരേജുകളിലും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നാതായി കണ്ടെത്തിയിരുന്നു.
പ്രവർത്തന ചെലവ് ലാഭിക്കാൻ കമ്പനികൾ സ്വീകരിക്കുന്ന ഈ നടപടി താമസക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ജോലിക്കും സ്കൂളിലേക്കും പോകാൻ താമസക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നതിനൊപ്പം, അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്ന വാഹനങ്ങൾക്ക് പോലും വഴി കിട്ടാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ ഇനി യാതൊരുവിധ സാവകാശവും നൽകില്ലെന്ന് എം.പി മുഹമ്മദ് അൽ ഒലൈവി മുന്നറിയിപ്പ് നൽകി. റോഡുകളോ ഗാരേജുകളോ തടസ്സപ്പെടുത്തുന്ന രീതിയിൽ വാടക കാറുകൾ കണ്ടെത്തിയാൽ ഉടൻ പോലീസിൽ അറിയിക്കാനും, നിയമലംഘനം നടത്തുന്ന കമ്പനികളുടെ വാഹനങ്ങളുടെ ചിത്രങ്ങൾ സഹിതം പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറും വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സ്വകാര്യ കമ്പനികൾ ലാഭമുണ്ടാക്കാൻ താമസക്കാരുടെ ബുദ്ധിമുട്ടുകൾ അവഗണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനം തുടരുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നതും വാഹനങ്ങൾ കണ്ടുകെട്ടുന്നതും അടക്കമുള്ള കർശനമായ നടപടികൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർ വിമാനത്താവളത്തിലെ പാർക്കിംഗ് സൗകര്യങ്ങൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, വാടക കാർ കമ്പനികളുടെ വലിയ തോതിലുള്ള വാഹനങ്ങൾ മൂലമാണ് പ്രശ്നം നിലനിൽക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

