ഫാഷിസത്തിന് എതിരെയുള്ള സമരത്തിന് ഇടവേളകൾ ഇല്ല –എ.എ. റഹിം
text_fieldsമനാമ: ഫാഷിസത്തിന് എതിരെയുള്ള സമരത്തിന് ഇടവേളകൾ ഇല്ല എന്നും അത് അഭംഗുരം ഉയർന്നുവരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം പറഞ്ഞു . ബഹ്റൈൻ പ്രതിഭയുടെ 27ാം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയുടെ നാടാണ് ഇന്ത്യ. അതിനു കടിഞ്ഞാണായാണ് ഇന്ത്യൻ ഭരണഘടന നിലകൊള്ളുന്നത്. ബഹുസ്വരതയുള്ള ഇന്ത്യയെ ഒന്നായി കോർത്തെടുക്കുക എന്ന ധർമമാണ് ഭരണഘടനാ നിർവഹിക്കുന്നത്. അതാണ് നാനാത്വത്തിൽ ഏകത്വം. ആർ.എസ്.എസും സംഘ്പരിവാറും ഈ നാനാത്വത്തിന് എതിരാണ്. ജനതയെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ആണ് മുമ്പ് ബ്രിട്ടീഷുകാർ സ്വീകരിച്ചത്. അതിനായി അവർ ബംഗാൾ വിഭജിച്ചു. അതേ തന്ത്രംതന്നെയാണ് കശ്മീർ വിഭജിച്ചു നരേന്ദ്ര മോദിയും നടപ്പാക്കുന്നതെന്നും റഹീം ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയ കൊടിനിറങ്ങൾക്കപ്പുറം ഒരു ഐക്യനിര സംജാതമാകുകയാണ്. അതിെൻറ ഭാഗമായി പുതു തലമുറ പൂക്കളുമായി പോരാട്ട സർഗാത്മകതയുടെ പുതിയ വാതായനങ്ങൾ തുറക്കുന്നുവെന്നും റഹീം ചൂണ്ടിക്കാട്ടി. കെ.സി.എ ഹാളിലെ അഭിമന്യു നഗറിൽ ചേർന്ന സമ്മേളനത്തിൽ വിവിധ യൂനിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 306 പ്രതിനിധികൾ പങ്കെടുത്തു. ലിവിൻ കുമാർ സ്വാഗതം പറഞ്ഞു. പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.
ഷീജ വീരമണി രക്തസാക്ഷി പ്രമേയവും പ്രദീപ് പതേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.ടി. നാരായണൻ, ബിന്ദു റാം, ഷീബ രാജീവൻ, അഡ്വ. ജോയി വെട്ടിയാടൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. വിവിധ യൂനിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
