പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്; ബഹ്റൈന് അഭിമാനകരമായ നിമിഷം
text_fieldsപാരാലിമ്പിക് കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗം ശൈഖ് മുഹമ്മദ് ബിൻ ദൈജ് ആൽ ഖലീഫയോടൊപ്പം ലേഖകൻ
2026 ഫെബ്രുവരി 8 മുതൽ 14 വരെ ബഹ്റൈൻ സാക്ഷ്യംവഹിച്ചത് കായിക ലോകത്തെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങൾക്കായിരുന്നു. ബഹ്റൈൻ പാരാലിമ്പിക് കമ്മിറ്റിയുടെ (ബി.പി.സി) നേതൃത്വത്തിൽ നടന്ന പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ് അതിന്റെ സംഘാടന മികവുകൊണ്ടും അത്ലറ്റുകളുടെ അസാമാന്യ പോരാട്ടവീര്യംകൊണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റി. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള 54 രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകൾ, പരിശീലകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഈ മേള മികവിന്റെയും ആത്മവിശ്വാസത്തിന്റെയും ആഘോഷമായി മാറി. വീൽചെയറുകളിൽ പറക്കുന്ന വേഗത്തിൽ ചലിക്കുന്നവരും, ശാരീരിക വെല്ലുവിളികളെ കാറ്റിൽ പറത്തി റാക്കറ്റേന്തിയവരുമായ കായിക താരങ്ങൾ കാണികളിൽ വിസ്മയവും ആവേശവും നിറച്ചു. വ്യക്തിപരമായി ഈ മത്സരങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ സാധിച്ചത് തികച്ചും വികാരഭരിതമായ ഒരു അനുഭവമായിരുന്നു. ബഹ്റൈൻ പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റും ഇന്റർനാഷനൽ പാരാലിമ്പിക് കമ്മിറ്റി ബോർഡ് അംഗവുമായ ശൈഖ് മുഹമ്മദ് ബിൻ ദൈജ് ആൽ ഖലീഫയുടെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ഈ വിജയത്തിന് പിന്നിൽ. ബി.പി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ് അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫ, ബഹ്റൈൻ ബാഡ്മിന്റൺ ഫെഡറേഷൻ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ എന്നിവരുടെ അക്ഷീണപരിശ്രമം ഓരോ മത്സരത്തിലും പ്രതിഫലിച്ചു.
ഈ മഹത്തായ കായിക മാമാങ്കത്തിനിടയിലും ഒരു സാധാരണ പ്രവാസി എന്ന നിലയിൽ എന്നെ വിഷമിപ്പിച്ചത് ഗാലറികളിലെ കാഴ്ചക്കാരുടെ കുറവാണ്. പങ്കെടുക്കുന്ന രാജ്യങ്ങളിൽനിന്നുള്ള കമ്യൂണിറ്റികളും അസോസിയേഷനുകളും തങ്ങളുടെ അത്ലറ്റുകൾക്ക് നൽകേണ്ട പിന്തുണ ഇനിയും വർധിക്കേണ്ടതുണ്ട്. വരുംകാലങ്ങളിൽ എംബസികൾ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിച്ചാൽ ഇത്തരം അന്താരാഷ്ട്ര വേദികളിൽ നമ്മുടെ അത്ലറ്റുകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. ഹെലൻ കെല്ലർ പറഞ്ഞതുപോലെ, ‘‘ഒറ്റക്ക് നമുക്ക് കുറച്ച് കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ; എന്നാൽ, ഒത്തുചേർന്നാൽ നമുക്ക് വലിയ കാര്യങ്ങൾ നേടാനാകും’’ ദർശനവും സമർപ്പണവും ഐക്യവും ഒത്തുചേർന്നാൽ എന്ത് അത്ഭുതവും സംഭവിക്കുമെന്ന് ഈ ചാമ്പ്യൻഷിപ് തെളിയിച്ചു. ബഹ്റൈൻ പാരാലിമ്പിക് കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

