ഫലസ്തീൻ-ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsഫലസ്തീൻ-ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ചക്കിടെ
മനാമ: 21ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് 2025ൽ പങ്കെടുക്കുന്നതിനായി ബഹ്റൈനിലെത്തിയ ഫലസ്തീൻ വിദേശകാര്യ, പ്രവാസി മന്ത്രി ഡോ. വർസെൻ അഘാബെകിയാൻ ഷാഹിൻ-മായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി.
ബഹ്റൈനും ഫലസ്തീനും തമ്മിലുള്ള ദീർഘകാല ബന്ധം, പൊതു താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും വികസിപ്പിക്കാനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, സുരക്ഷയിലും സ്ഥിരതയിലും അവയുണ്ടാക്കുന്ന സ്വാധീനവും അവലോകനം ചെയ്തു. ഗസ്സ മുനമ്പിലെ വെടിനിർത്തൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം, അവിടത്തെ താമസക്കാർക്ക് മാനുഷിക സഹായം എത്തിക്കുന്നത് എളുപ്പമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
സംഘർഷങ്ങളും വർധനയും കുറക്കേണ്ടതിന്റെ ആവശ്യകതയും, നീതിയുക്തവും സമഗ്രവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെക്കുറിച്ചും ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനും അന്താരാഷ്ട്ര നിയമ പ്രമേയങ്ങൾക്കും അനുസൃതമായി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിനുള്ള പിന്തുണയും ഗസ്സയുടെ പുനർനിർമാണത്തിനുള്ള ശ്രമങ്ങളും അവർ ആവർത്തിച്ചു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

