പാലക്കാട്ടെ റെയ്ഡിന്റെ പേരിലുള്ള പൊറാട്ട് നാടകം അപലപനീയം -ഒ.ഐ.സി.സി പാലക്കാട്
text_fieldsമനാമ: പൊലീസ് റൈഡ് എന്ന പേരിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർധരാത്രി പരിശോധന നടത്തിയത് അപലപനീയമാണെന്ന് ബഹ്റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
വനിത നേതാക്കന്മാരുടെ മുറികളിൽ അർധരാത്രി പുരുഷ പൊലീസെത്തുകയും വേഷം പോലും മാറാൻ അനുവദിക്കാതെയും സ്വകാര്യതയെ മാനിക്കാതെയും പുരുഷന്മാരെ കൊണ്ട് പെട്ടികൾ പരിശോധിപ്പിക്കുകയും ചെയ്ത നടപടി സ്ത്രീ വിരുദ്ധവും പരിഷ്കൃത സമൂഹത്തിന് ചേരാത്തതുമാണ്.
ഐക്യമുന്നണി പാലക്കാട് വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന യാഥാർഥ്യം ഇടതുപക്ഷത്തെയും ബി.ജെ.പി ക്യാമ്പിനെയും ഒരുപോലെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് സംയുക്തമായി ഐക്യ ജനാധിപത്യ മുന്നണിക്കെതിരായ പൊറാട്ട് നാടകങ്ങൾക്ക് അവർ മുതിരുന്നത്.
ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രബുദ്ധരായ പാലക്കാട്ടെ ജനങ്ങൾ വോട്ടിലൂടെ മറുപടി പറയുമെന്നും ഐക്യ മുന്നണിയുടെ പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
