ശ്രദ്ധേയമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ ‘പൊന്നോണം 2023’ ഓണാഘോഷം
മനാമ: പാലക്കാട്ടുകാരുടെ കുടുംബകൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ സെഗായ ബി.എം.സി ഓഡിറ്റോറിയത്തിൽ ‘പൊന്നോണം 2023’ എന്ന പേരിൽ ഓണാഘോഷം നടത്തി. പാലക്കാട് പാർലമെന്റ് അംഗം വി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പമ്പാവാസൻ നായർ വിശിഷ്ടാതിഥിയായിരുന്നു. ചന്ദ്രൻ ഗോപിനാഥൻ മേനോൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവരും വിവിധ സംഘടന പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
പാലക്കാട്ടുനിന്നു വന്ന പാചകവിദഗ്ധൻ കരിമ്പുഴ മണിനായർ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും വിളമ്പി. അസോസിയേഷൻ അംഗങ്ങൾ ഓണപ്പാട്ടുകൾ, തിരുവാതിരക്കളി തുടങ്ങിയവ അവതരിപ്പിച്ചു. നാടൻപാട്ട് സംഘം ‘സഹൃദയ’ അവതരിപ്പിച്ച നാടൻപാട്ടും ചടങ്ങിന് മാറ്റുകൂട്ടി. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും കരസ്ഥമാക്കിയ ദിവ്യ ദീപക് മേനോനെ ചടങ്ങിൽ ആദരിച്ചു. ദിവ്യ നിർമിച്ച ഉപഹാരങ്ങൾ വിശിഷ്ടാതിഥികൾക്ക് നൽകി. പ്രവാസികൾ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പാർലമെൻറിലും വിദേശകാര്യ മന്ത്രാലയത്തിലും ഇടപെട്ട് ആത്മാർഥമായ ശ്രമം നടത്തുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി അറിയിച്ചു. പാലക്കാട് പ്രവാസി അസോസിയേഷന്റെ ബഹ്റൈനിലും പാലക്കാടുമുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ജനറൽ കൺവീനർ ഹാരിസ് ഇസ്മായിൽ സ്വാഗതം പറഞ്ഞു. വാണി ശ്രീധറും റംസീന ഫിറോസും അവതാരകരായിരുന്നു. ജനറൽ കൺവീനർ ഹാരിസ് ഇസ്മായിൽ സ്വാഗതവും രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.