നവരാത്രിയെത്തി; ബൊമ്മക്കൊലു ഒരുക്കി പാലക്കാടൻ മലയാളികുടുംബം
text_fieldsനവരാത്രി പ്രമാണിച്ച് പാലക്കാട് സ്വദേശി ശ്യാം കൃഷ്ണനും കുടുംബവും ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു
മനാമ: നവരാത്രികാലമെത്തിയതോടെ പതിവുതെറ്റിക്കാതെ വീട്ടിൽ ബൊമ്മക്കൊലു ഒരുക്കി പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് പാലക്കാടൻ മലയാളി കുടുംബം. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം കൃഷ്ണൻ കഴിഞ്ഞ 26 വർഷമായി ഈ പതിവ് തെറ്റിച്ചിട്ടില്ല. ബുദയ്യയിൽ ഇവരുടെ വില്ലയിൽ ഒരുക്കിയ ബൊമ്മക്കൊലു കാണാൻ എല്ലാവർഷവും നവരാത്രി കാലത്ത് മലയാളികളടക്കം നിരവധി ഇന്ത്യക്കാർ എത്താറുണ്ട്. വരുന്നവർക്കെല്ലാം പ്രസാദവും വെറ്റിലയും അടക്കയും പട്ടും വീട്ടുകാർ സമ്മാനിക്കും.
പാലക്കാട്ടെ കുടുംബവീട്ടിൽ പാരമ്പര്യമായി ചെയ്തുവന്നിരുന്നതാണ് ബൊമ്മക്കൊലു ഒരുക്കൽ. പ്രവാസലോകത്തെത്തിയിട്ടും ഇത് മുടക്കാൻ ശ്യാം കൃഷ്ണനും ഭാര്യ പത്മയും കുടുംബവും തയാറായില്ലെന്നു മാത്രം. നാട്ടിലേക്കുള്ള ഓരോ യാത്രയിലും നവരാത്രി കാലത്തേക്കുള്ള ചെറു വിഗ്രഹങ്ങൾ ശേഖരിക്കും. അങ്ങനെയങ്ങനെ വീട്ടിലെ ഒരു മുറി മുഴുവനും ബൊമ്മക്കൊലുവിനുള്ള വിഗ്രഹങ്ങളാൽ നിറഞ്ഞിട്ടുണ്ട്. ഗണപതി, ദേവീ വിഗ്രഹങ്ങളും മറ്റു ദേവവിഗ്രഹങ്ങളുമാണ് സാധാരണ ബൊമ്മക്കൊലുവിലുണ്ടാകുക.
എന്നാൽ, ഇപ്പോൾ മക്കളുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ഥത കൊണ്ടുവന്നു. ഇത്തവണ ചാന്ദ്രയാനും ജി 20യും ഡിസ്നി വേൾഡുമെല്ലാം ബൊമ്മക്കൊലുവിൽ ഇടം പിടിച്ചു. നവരാത്രി എത്തുന്നതിനുമുമ്പേ ബൊമ്മക്കൊലുവിനുള്ള തയാറെടുപ്പുകൾ ആരംഭിക്കും. ഓരോ ദിവസവും സംഗീതക്കച്ചേരി അടക്കമുള്ള കലാസാംസ്കാരിക പരിപാടികൾ വില്ലയിൽ ഒരുക്കുന്നു. പവിഴദ്വീപിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഉത്തരേന്ത്യക്കാരും സ്വദേശികളുമടക്കം നിരവധി പേർ ബൊമ്മക്കൊലു കാണാൻ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

