പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ബഹ്‌റൈനിൽ
text_fieldsമനാമ: പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ബഹ്‌റൈനിലെത്തും. ബഹ്റൈൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉഭയകക്ഷി ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.
രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം എന്ന് പാകിസ്താൻ വിദേശകാര്യ ഓഫീസ് അറിയിച്ചു. പരമ്പരാഗതമായി നിലനിർത്തുന്ന ഊഷ്മളവും സൗഹൃദപരവുമായ ബന്ധം ഈ സന്ദർശനം കൂടുതൽ ദൃഢമാക്കുമെന്ന് വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ബഹ്റൈനിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി ഷെഹ്ബാസ് ഷെരീഫ് ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിലെ സഹകരണമാണ് ചർച്ചകളിലെ പ്രധാന അജണ്ട. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, ഫെഡറൽ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സംഘം പ്രധാനമന്ത്രി ഷെരീഫിനൊപ്പമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സുരക്ഷാ രംഗത്തെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനുകൾ, ഇമിഗ്രേഷൻ നിയന്ത്രണം തുടങ്ങിയവയിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

