ബഹ്‌റൈനും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും
text_fieldsപാക് പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ ബഹ്റൈന്‍റെ ഭൂപടം വിശദീകരിച്ചു നൽകുന്ന ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ
മനാമ: പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫിന് ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരണം നൽകി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സ്വീകരണചടങ്ങിൽ ശൈഖ് ഖാലിദ് പാകിസ്താൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.
ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലെ ഒരു സുപ്രധാന ഘട്ടത്തെ അടയാളപ്പെടുത്തുന്നുവെന്നും ഉഭയകക്ഷി ബന്ധത്തിന്റെ തുടർച്ചയായ വികസനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈനും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിലെ സ്ഥിരമായ വളർച്ച ഉപപ്രധാനമന്ത്രി എടുത്തുപറഞ്ഞു. ബഹ്‌റൈനിലെ പാകിസ്ഥാൻ കമ്പനികളുടെ സുപ്രധാന പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ നടത്തിയ പ്രസംഗത്തിൽ, ബഹ്‌റൈന്റെ വളർച്ചയ്ക്ക് പാകിസ്താൻ നൽകിയ സംഭാവനകളെയും 50 വർഷത്തിലേറെയായി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ വികസിപ്പിക്കുന്നതിൽ ഹബീബ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ്, നാഷണൽ ബാങ്ക് ഓഫ് പാകിസ്ഥാൻ തുടങ്ങിയ പാകിസ്ഥാൻ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കിനെയും അനുസ്മരിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം 70 ശതമാനത്തിലധികം വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.5 ബില്യൺ ഡോളർ കവിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കും ഗുണകരമാവുന്ന കൂടുതൽ മേഖലകൾ കണ്ടെത്തുന്നതിനായി പാകിസ്താനുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയും സ്വീകരണത്തിനിടെ ഉപപ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

