പാകിസ്താൻ പ്രസിഡന്റും പ്രധാനമന്ത്രിയും ബഹ്റൈൻ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പാകിസ്താനിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധം ഈ കൂടിക്കാഴ്ചകളിൽ പ്രതിഫലിച്ചു.
കൂടിക്കാഴ്ചയിൽ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ആശംസകൾ ആഭ്യന്തര മന്ത്രി പാകിസ്താൻ പ്രസിഡന്റിനെ അറിയിച്ചു. പാകിസ്താൻ ജനതയുടെ തുടർ പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടിയുള്ള ആശംസകളും അദ്ദേഹം കൈമാറി. ബഹ്റൈനുമായി പാകിസ്താനുള്ള ശക്തമായ ബന്ധത്തെ പ്രസിഡന്റ് സർദാരി പ്രശംസിച്ചു. സുരക്ഷ, കുടിയേറ്റം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് നിയന്ത്രണം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള താൽപര്യവും അദ്ദേഹം അറിയിച്ചു. നിലവിൽ ബഹ്റൈനിൽ ജോലി ചെയ്യുന്ന 1,21,000 പാകിസ്താൻ പ്രവാസികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
പാകിസ്താനുമായുള്ള അടുത്ത ബന്ധത്തിൽ ബഹ്റൈൻ അഭിമാനിക്കുന്നെന്ന് ശൈഖ് റാശിദ് വ്യക്തമാക്കി. വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കാനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്റൈന്റെ വികസനത്തിൽ പാകിസ്താനി സമൂഹത്തിന്റെ സംഭാവനകളെയും അവർക്ക് ലഭിക്കുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
കൂടാതെ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ബഹ്റൈൻ ആഭ്യന്തര മന്ത്രിയെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തെ പ്രശംസിച്ച പ്രധാനമന്ത്രി, എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ പാകിസ്താൻ താൽപര്യപ്പെടുന്നതായി അറിയിച്ചു. ബഹ്റൈനിലെ പാകിസ്താനി സമൂഹത്തിന് ലഭിക്കുന്ന പരിചരണത്തിനും പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു. ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് ആഭ്യന്തര മന്ത്രി കൈമാറി. ഇരുരാജ്യങ്ങളും തമ്മിൽ വിസരഹിത യാത്രാ സൗകര്യം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് നിയന്ത്രണം, കുടിയേറ്റം, തീരദേശ സുരക്ഷ, പൊലീസ് പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംയുക്ത പ്രവർത്തക സമിതി രൂപവത്കരിക്കാനും ഇരുപക്ഷവും ധാരണയായി. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

