പാക്ട് ഓണാഘോഷം ശ്രദ്ധേയമായി; ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാവിരുന്നുകൾ അരങ്ങേറി
text_fieldsപാക്ട് ഓണാഘോഷ പരിപാടിയിൽ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ സംസാരിക്കുന്നു
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്)ഓണാഘോഷം ശ്രദ്ധേയവും ബഹ്റൈനിലെ പാലക്കാട്ടുകാരുടെ സംഗവുമായി മാറി. സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബിൽ നടന്ന ചടങ്ങിൽ 2500ലേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം പറഞ്ഞു. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായി.
ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബഹ്റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വം വലീദ് ഇബ്രാഹിം കാനൂ, അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി പമ്പാവാസൻ നായർ, മുൻ വനിത കമീഷൻ അംഗം തുളസി ശ്രീകണ്ഠൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം.ഡി ഡോ. കെ.എസ്. മേനോൻ, പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, വനിതവിഭാഗം പ്രസിഡന്റ് സജിത സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
പാലക്കാടിന്റെ പുരോഗതിയിൽ പാലക്കാട്ടുകാരായ പ്രവാസികളുടെ പങ്ക് ഏറെ വലുതാണെന്ന് മുഖ്യപ്രഭാഷണത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പാക്ട് അംഗങ്ങളായ സംരംഭകർക്കായി രൂപവത്കരിച്ച ഗ്രൂപ് ലോഞ്ച് ഉദ്ഘാടനം പമ്പാവാസൻ നായർ നിർവഹിച്ചു. സംരംഭക കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സജിൻ ഹെൻട്രി ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ബാബുരാജും ചടങ്ങിൽ സംബന്ധിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാവിരുന്നുകൾ അരങ്ങേറി. പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രശോഭ് രാമചന്ദ്രൻ നയിച്ച സംഗീതവിരുന്ന് ഏറെ ഹൃദ്യമായിരുന്നു. കൂടാതെ പാക്ട് വനിതകളും കുട്ടികളും ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും കൈകൊട്ടിക്കളിയും കാഴ്ചക്കാരുടെ മനം കവർന്നു. ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മുതിർന്ന പാക്ട് ഭാരവാഹി സുഭാഷ് മേനോനെ ശ്രീകണ്ഠൻ എം.പി ചടങ്ങിൽ ആദരിച്ചു. റൈറ്റ് ചോയ്സ് കാറ്ററേഴ്സ് ഒരുക്കിയ ഓണസദ്യ പാലക്കാടൻ രുചിവൈഭവം വിളിച്ചോതുന്നതായി.
പ്രോഗ്രാം കൺവീനർ ഇ.വി. വിനോദ്, രാംദാസ് നായർ, ഗോപാലകൃഷ്ണൻ, സുഭാഷ് മേനോൻ, മൂർത്തി നൂറണി, രമ്യ ഗോപകുമാർ, ജഗദീഷ് കുമാർ, അനിൽ കുമാർ, സതീഷ് ഗോപാലകൃഷ്ണൻ, കെ.ടി. രമേഷ്, സൽമാനുൽ ഫാരിസ്, ദീപക് വിജയൻ, സുധീർ, ഉഷ സുരേഷ്, ബാബു, രാമനുണ്ണി കോടൂർ, അനിൽ കുമാർ, ധന്യ രാഹുൽ, രമ്യ സുധി, ഷീബ ശശി, അനിൽ മാരാർ, സന്തോഷ് കടമ്പാട്ട്, പപ്പൻ മേനോൻ, ബാലൻ മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. രവി മാരാത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

