പി. ജയചന്ദ്രൻ അനുസ്മരണം; കേരളീയ സമാജത്തിൽ രണ്ട് പ്രധാന പരിപാടികൾ
text_fieldsമനാമ: പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ ഗായകൻ പി. ജയചന്ദ്രന്റെ സ്മരണാർഥം ബഹ്റൈൻ കേരളീയ സമാജം ‘ശ്രാവണം 2025’ നോട് അനുബന്ധിച്ച് രണ്ട് പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നു. ‘കാവ്യപുസ്തകമല്ലോ ജീവിതം’ എന്ന പേരിൽ ജയചന്ദ്രൻ പാടിയ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ഗാനവിരുന്ന് സെപ്റ്റംബർ അഞ്ചിന് (തിരുവോണദിനം) വൈകീട്ട് ഏഴിന് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. പ്രശസ്ത ഗായകൻ പന്തളം ബാലൻ, രവി ശങ്കർ, പ്രമീള എന്നിവർ സംഗീതവിരുന്നിന് നേതൃത്വം നൽകും. പ്രശസ്ത ഗാനനിരൂപകനും മാധ്യമപ്രവർത്തകനുമായ രവി മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും.
രണ്ടാമത്തെ പ്രധാന പരിപാടി ‘ബി.കെ.എസ് ജയചന്ദ്രൻ അവാർഡ് 2025’ എന്ന സംഗീതമത്സരമാണ്. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി നാല് പ്രാഥമിക റൗണ്ടുകളും ഒരു ഗ്രാൻഡ് ഫിനാലെയും ഉൾപ്പെടുന്ന മത്സരപരമ്പരയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരുഷ-സ്ത്രീ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങളും പ്രേക്ഷക വോട്ടിനെ അടിസ്ഥാനമാക്കി ഓഡിയൻസ് ചോയ്സ് അവാർഡും ഫൈനലിൽ ഉണ്ടായിരിക്കും. ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 23ന് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
‘ജയചന്ദ്രന്റെ കലാജീവിതത്തോട് അൽപമെങ്കിലും നീതി പുലർത്തണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗാനമേളക്കൊപ്പം അവാർഡ് മത്സരവും സംഘടിപ്പിച്ചതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. സാധാരണ അനുസ്മരണങ്ങളിൽനിന്ന് വ്യത്യസ്തമായി, സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്കുള്ള ഒരു പ്രത്യേക യാത്രയാണ് ‘ശ്രാവണം 2025’ എന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കൂട്ടിച്ചേർത്തു.
‘ജയചന്ദ്രന്റെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി നടത്തുന്ന മത്സരം സമാജത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. പ്രാഥമിക റൗണ്ടുകളുടെ വിജയത്തിന് പിന്നാലെ ഫൈനലും ഗാനമേളയും വലിയൊരു ആഘോഷമാകുമെന്ന് കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം അഭിപ്രായപ്പെട്ടു
ഓണം മലയാളിയുടെ ഗൃഹാതുരതയുടെ ദിനമാണെന്നതുപോലെ ജയചന്ദ്രനും അദ്ദേഹത്തിന്റെ ഗാനങ്ങളും മലയാളിയുടെ ഹൃദയത്തിൽ എന്നും ഗൃഹാതുരമായിരിക്കും. അതിനാലാണ് തിരുവോണദിനത്തിൽതന്നെ ഗാനമേള സമർപ്പിക്കുന്നതെന്ന് ശ്രാവണം 2025 ജനറൽ കൺവീനർ വർഗീസ് ജോർജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

