സർക്കാർ ജീവനക്കാരുടെ ഓവർടൈം ആനുകൂല്യങ്ങൾ; അടിയന്തര പ്രമേയത്തിന് ജനപ്രതിനിധി സഭയിൽ അംഗീകാരം
text_fieldsമനാമ: പൊതുമേഖല ജീവനക്കാരുടെ കുടിശ്ശികയുള്ള ഓവർടൈം വേതനം നൽകാനും, പകരം അവർക്ക് അർഹമായ അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. നിലവിലെ നിയമമനുസരിച്ച് വാർഷിക അവധി നിശ്ചിത പരിധി കഴിഞ്ഞാൽ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രമേയത്തിലുണ്ട്.
ഔദ്യോഗിക സമയത്തിനു പുറമെ, ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൃത്യമായ വേതനം നൽകുക, വേതനം നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ, അധികം ജോലി ചെയ്ത മണിക്കൂറുകൾക്ക് പകരമായിനൽകുന്ന അവധി വാർഷികഅവധി ബാലൻസിനൊപ്പം ചേർക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പല ജീവനക്കാരും പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നതിന് തുല്യമായ സാഹചര്യമാണ് നേരിടുന്നതെന്നും അതു തുടരുന്നത് തടയണമെന്നും പ്രമേയത്തെ പിന്തുണച്ച് എം.പി. സാലിഹ് ബുആനാഖ് പറഞ്ഞു. "ജോലിസ്ഥലത്തെ ആവശ്യം മുൻനിർത്തി പലപ്പോഴും ജീവനക്കാർക്ക് അവധി അനുവദിക്കാറില്ല. എന്നാൽ, അവധി ബാലൻസ് 75 ദിവസം കഴിഞ്ഞാൽ അത് അടുത്ത വർഷത്തേക്ക് മാറ്റാനും സാധിക്കില്ല. ഇതിനർഥം ഒരു ജീവനക്കാരൻ കഷ്ടപ്പെട്ട് നേടിയ അധിക അവധി ദിവസങ്ങൾ വെറുതെ നഷ്ടപ്പെടുന്നു എന്നാണ്. ഇതു നീതിയല്ല." - അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക, ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുക, കൃത്യമായ സമയത്ത് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ഉറപ്പാക്കി ജീവനക്കാരുടെ ജോലി സംതൃപ്തി വർധിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഒരു വലിയ വിഭാഗം സർക്കാർ ജീവനക്കാരെ ഈ പ്രശ്നം ബാധിക്കുന്നതിനാലാണ് 'അടിയന്തര നടപടി' എന്നനിലയിൽ ഈ പ്രമേയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

