ബഹ്‌റൈനിൽ രണ്ട് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 33,700ലധികം പുതിയ ബിസിനസ്സുകൾ
text_fieldsമനാമ: ബഹ്‌റൈനിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 33,700-ലധികം പുതിയ ബിസിനസ്സുകൾ രജിസ്റ്റർ ചെയ്തതായി വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2024 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 25 വരെയുള്ള കാലയളവിൽ ആകെ 33,707 പുതിയ ബിസിനസ്സുകളാണ് രാജ്യത്ത് പ്രവർത്തനമാരംഭിച്ചത്. ഇതിൽ പകുതിയോളം പുതിയ സംരംഭങ്ങളും കടകൾ, വാഹന റിപ്പയർ സ്ഥാപനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും വ്യാപാരവും റിപ്പയറുമാണ് പുതിയ രജിസ്ട്രേഷനുകളിൽ മുന്നിൽ നിൽക്കുന്നത്. ഈ വിഭാഗത്തിൽ 8,619 ബിസിനസ്സുകൾ രജിസ്റ്റർ ചെയ്തു, ഇത് ആകെ രജിസ്ട്രേഷന്റെ 25.6 ശതമാനത്തോളം വരും. പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ മേഖലകളിൽ 7,884 പുതിയ ബിസിനസ്സുകൾ (23.4 ശതമാനം) രജിസ്റ്റർ ചെയ്ത് തൊട്ടുപിന്നിലുണ്ട്.
അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ് വിഭാഗത്തിൽ 3,530 പുതിയ സംരംഭങ്ങളും, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ എന്നിവയുൾപ്പെടെയുള്ള ഫുഡ് ആൻഡ് ലോഡ്ജിങ് മേഖലയിൽ 2,936 പുതിയ ബിസിനസ്സുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. വ്യക്തിഗത സേവനങ്ങൾ (2,173), നിർമ്മാണം അഥവാ മാനുഫാക്ചറിങ് (2,032), ഗതാഗതം (1,582), വിവരസാങ്കേതികവിദ്യ (1,555), കൺസ്ട്രക്ഷൻ (1,443), റിയൽ എസ്റ്റേറ്റ് (1,186) എന്നിങ്ങനെയാണ് മറ്റ് പ്രധാന മേഖലകളിലെ കണക്കുകൾ. വിദ്യാഭ്യാസം, ഫിനാൻസ്, ആരോഗ്യം, ഖനനം, കൃഷി തുടങ്ങിയ മറ്റ് മേഖലകളിലും പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബഹ്‌റൈനിലെ സജീവമായ ബിസിനസ്സ് അടിത്തറയിൽ വ്യാപാര-വാഹന റിപ്പയർ മേഖല തന്നെയാണ് ഏറ്റവും വലുത്. ഈ വിഭാഗത്തിൽ 38,137 സജീവ സ്ഥാപനങ്ങളാണുള്ളത്. പ്രൊഫഷണൽ സേവന മേഖലയിൽ 18,290 സജീവ സ്ഥാപനങ്ങളും നിർമ്മാണ മേഖലയിൽ 10,346 സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മൈക്രോ, ചെറിയ, ഇടത്തരം സംരംഭങ്ങൾ ആകെ വാണിജ്യ രജിസ്ട്രേഷനുകളുടെ 93.4 ശതമാനവും വഹിക്കുന്നു.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ 2026-ലെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 1,05,780 ബഹ്‌റൈൻ പൗരന്മാരും 4,78,707 വിദേശ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലെ ആകെ തൊഴിലാളികളിൽ 18.1 ശതമാനത്തോളം പേർ ബഹ്‌റൈൻ സ്വദേശികളാണ്. ഇവിടുത്തെ സ്വദേശി ജീവനക്കാരുടെ ശരാശരി പ്രതിമാസ ശമ്പളം 912 ദീനാറും മീഡിയൻ ശമ്പളം 500 ദീനാറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

