അഹ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചന പ്രവാഹം
text_fieldsമനാമ: ലോകത്തെ ഞെട്ടിച്ച, ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നായ അഹ്മദാബാദ് വിമാനാപകടത്തിൽ പ്രവാസി സംഘടനകളുടെ അനുശോചന പ്രവാഹം. അഹ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീംലൈൻ 787-8 വിമാനം തകർന്നുവീണ് നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്.
ഫ്രൻഡ്സ് അസോസിയേഷൻ
മനാമ: അഹ്മദാബാദ് വിമാനദുരന്തത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒരാളൊഴികെ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞത് അത്യധികം വേദനാജനകമാണ്. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിൽ ഉണ്ടായിരുന്നവരുടെ മരണവും ദുഃഖകരമാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ജാഗ്രത കൈക്കൊള്ളാൻ ബന്ധപ്പെട്ടവർക്ക് കഴിയേണ്ടതുണ്ടെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ഹോപ്പ് ബഹ്റൈൻ
മനാമ: ലോകത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഹോപ്പ് ബഹ്റൈൻ ആദരഞ്ജലികൾ അർപ്പിച്ചു. ഒപ്പം അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഹോപ്പ് ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
മലയാളി ബിസിനസ് ഫോറം
മനാമ: നാടിനെ നടുക്കിയ അഹ്മദാബാദ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും രാജ്യത്തെയും ഞെട്ടിച്ച ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. പ്രവാസമേഖലയിൽ സുരക്ഷിത യാത്രക്ക് കുറ്റമറ്റ വിമാനങ്ങൾ ഒരുക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
ബഹ്റൈൻ മലയാളി കുടുംബം
മനാമ: ലോകത്തെ നടുക്കിയ മഹാദുരന്തങ്ങളിൽ ഒന്നായ ഗുജറാത്തിലെ വിമാനാപകടത്തിൽ ബഹ്റൈൻ മലയാളി കുടുംബം (ബി.എം.കെ) ആദരാഞ്ജലികൾ അർപ്പിച്ചു. ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
ഗുരുദേവ സോഷ്യൽ സൊസൈറ്റി
മനാമ: വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് ഗുരുദേവ സോഷ്യൽ സൊസൈറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. ഏതൊരു ദുരന്തവും തീരാവേദനയാണെന്നും രാജ്യംകണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിൽ കുടുംബാംഗങ്ങളുടെയും രാജ്യത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
മനാമ: അഹ്മദാബാദ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ ഗ്രൂപ്. ലോകത്തിന്റെ ഏതു കോണിൽ ഉണ്ടാകുന്ന ദുരന്തവും തീരാവേദനയാണെന്നും രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിൽ കുടുംബാംഗങ്ങളുടെയും നമ്മുടെ രാജ്യത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

