മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിനായുള്ള മെഡലുകൾ പ്രഖ്യാപിച്ച് സംഘാടകർ
text_fieldsഏഷ്യൻ യൂത്ത് ഗെയിംസ് മെഡൽ
മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിനായുള്ള മെഡലുകൾ പ്രഖ്യാപിച്ച് സംഘാടകർ. 2025 ഒക്ടോബർ 22 മുതൽ 31 വരെ ബഹ്റൈനിൽ നടക്കുന്ന കായികമേളയിൽ 1677 മെഡലുകളാണ് വിതരണം ചെയ്യുക. കഴിഞ്ഞ ബുധനാഴ്ച നടന്ന വാർത്തസമ്മേളനത്തിലാണ് മെഡലുകൾ അവതരിപ്പിച്ചത്. സ്വർണം, വെള്ളി, വെങ്കലം എന്നീ വിഭാഗങ്ങളിലുള്ള മെഡലുകളിൽ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നവും ‘ബഹ്റൈൻ’ എന്ന വാക്കിന്റെ സാംസ്കാരിക ഘടകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ആതിഥേയ രാജ്യത്തിന്റെ സംസ്കാരവും സ്വത്വവും പ്രതിഫലിക്കുന്ന തരത്തിലാണ് മെഡലുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
മത്സരങ്ങളിൽ ആകെ 505 സ്വർണ മെഡലുകളും, 503 വെള്ളി മെഡലുകളും, 669 വെങ്കല മെഡലുകളും വിതരണം ചെയ്യും. നീന്തൽ, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ഒട്ടകയോട്ടം, ഈസ്പോർട്സ്, ബീച്ച് വെയ്റ്റ് ലിഫ്റ്റ്, ജൂഡോ, ജൂ-ജിറ്റ്സു, കബഡി, തായ് മ്യു-തായ്, ടേക്വൊണ്ടോ തുടങ്ങിയ കായിക ഇനങ്ങളിൽ യുവാക്കൾ മാറ്റുരക്കും. ബാസ്കറ്റ്ബാൾ, ഫുട്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ തുടങ്ങിയ ടീം ഗെയിമുകളും മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നായി 5000ത്തിലധികം യുവ കായികതാരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026ൽ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക് ഗെയിംസിനുള്ള തയാറെടുപ്പ് വേദി കൂടിയായിരിക്കും ഈ ഏഷ്യൻ യൂത്ത് ഗെയിംസ്. മെഡലുകൾ പ്രഖ്യാപിച്ചതോടെ, ഏഷ്യയിലെ യുവ കായിക പ്രതിഭകളെ വരവേൽക്കാൻ ബഹ്റൈൻ ഒരുങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

