ഉമ്മൻ ചാണ്ടി: സ്മരണാഞ്ജലിയുമായി പ്രവാസലോകം
text_fieldsഉമ്മൻ ചാണ്ടി
മനാമ: മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വെള്ളിയാഴ്ച വൈകീട്ട് ആറിന് കേരളീയ സമാജത്തിൽ സമ്മേളനം നടക്കുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അറിയിച്ചു.
കേരള കാത്തലിക് അസോസിയേഷൻ
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ കേരള കാത്തലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ആറു പതിറ്റാണ്ടിലധികം രാഷ്ട്രീയരംഗത്ത് ഊർജസ്വലനായി നിറഞ്ഞുനിന്ന അദ്ദേഹം കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നുവെന്നും ജനങ്ങള്ക്കൊപ്പം നിന്ന ഭരണകര്ത്താവായിരുന്നുവെന്നും യോഗം വിലയിരുത്തി. വി.കെ.എൽ ഹാൾ ഉദ്ഘാടനം ഉൾപ്പെടെ വിവിധ പരിപാടികൾക്കായി കെ.സി.എയുടെ അതിഥിയായി അദ്ദേഹം എത്തിയത് പ്രസിഡന്റ് നിത്യൻ തോമസ് അനുസ്മരിച്ചു. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും വൈസ് പ്രസിഡൻറ് തോമസ് ജോൺ നന്ദിയും പറഞ്ഞു. കെ.സി.എ എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ് ചെയർമാൻ സേവി മാത്തുണ്ണി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
മഹാത്മാ ഗാന്ധി കൾചറൽ ഫോറം
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മഹാത്മാ ഗാന്ധി കൾചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക സ്കീം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിൽവരുത്തിയ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം പ്രശംസനീയമാണ്. വിദേശ രാജ്യങ്ങളിൽ വധശിക്ഷ വിധിച്ചതും കലാപങ്ങളിൽ വിറങ്ങലിച്ചുനിന്നതുമായ മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയും നില കൊണ്ട നേതാവായിരുന്നു അദ്ദേഹമെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മഹാത്മാ ഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് എബി തോമസ്, ജനറൽ സെക്രട്ടറി സനൽ കുമാർ, രക്ഷാധികാരികളായ അഡ്വ. പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ, മുൻ പ്രസിഡന്റ് അനിൽ തിരുവല്ല, മുൻ സെക്രട്ടറി വിനോദ് ഡാനിയൽ, തോമസ് ഫിലിപ്പ്, പവിത്രൻ പൂക്കോട്ടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈൻ നവകേരള
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചിച്ചു. പൊതുജീവിതത്തിൽ ഒരു രാഷ്ടീയനേതാവ് പുലർത്തേണ്ട മാന്യത ഏതു പ്രതികൂലഘട്ടത്തിലും പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ ജീവിതശൈലി പൊതുപ്രവർത്തകർക്ക് വിലപ്പെട്ട മാതൃകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കോട്ടയം പ്രവാസി ഫോറം
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോട്ടയം പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതൊരാൾക്കും ഏതു സമയത്തും ആശ്രയിക്കാൻ പറ്റുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഏതൊരു കോട്ടയംകാരനും അഭിമാനിക്കാവുന്ന രീതിയിൽ എല്ലാ മലയാളികളുടെയും മനസ്സ് കീഴടക്കിയ അദ്ദേഹത്തിന്റെ വിയോഗം കേരളസമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നു കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി ഷിബു എബ്രഹാം എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.