സാഗരങ്ങളെ പാടിയുണർത്തിയ ഒ.എൻ.വി
text_fieldsഒ.എൻ.വി!- മൂന്ന് സുവർണാക്ഷരങ്ങൾ!
മലയാള ഭാഷയുടെ മണിമുറ്റത്ത് പദങ്ങൾ കൊണ്ട് വസന്തം തീർത്ത വാഗ്മയചക്രവർത്തിയുടെ തൂലികാ നാമമാണത്.
തന്റെ തങ്കത്തൂലികയാൽ ആ കാവ്യപ്രതിഭ സാഗരങ്ങളെ തൊട്ടുണർത്തി—ഭാവസാന്ദ്രമായ കവിതാസാഗരങ്ങൾ, ചിന്താധീനമായ ഗദ്യസാഗരങ്ങൾ, പിന്നെ മലയാളിയുടെ ഹൃദയതാളമായി മാറിയ സംഗീതസാഗരങ്ങൾ!
ഒരു കവിയായും അധ്യാപകനായും അദ്ദേഹം ആയിരക്കണക്കിന് വിദ്യാർഥികളുടെ മസ്തിഷ്ക സാഗരങ്ങളിൽ ചിന്തയുടെയും ജ്ഞാനത്തിന്റെയും അലകളുയർത്തി; ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയസാഗരങ്ങളിൽ സുവർണസ്വപ്നങ്ങളുടെ നിലാവൊഴുക്കി.
ആറ് പതിറ്റാണ്ടിലേറെക്കാലം മലയാള സാഹിത്യ-സാംസ്കാരിക ചക്രവാളത്തിൽ ഒരു ധ്രുവനക്ഷത്രമായി ജ്വലിച്ചുനിന്ന അദ്ദേഹം, ഒടുവിൽ പ്രപഞ്ചത്തിന്റെ നിഗൂഢമായ മൂകസംഗീതം തേടി, ഗാലക്സികൾക്കപ്പുറത്തെ അനശ്വര ലോകത്തേക്ക് മടങ്ങി. ആ മഹായാത്രക്ക് ഇപ്പോൾ ഒരു ദശാബ്ദം തികയുന്നു.
2016 ഫെബ്രുവരി 13ന്, ലോക പ്രണയദിനത്തിന്റെ തലേന്നാണ്, പ്രണയഗാനങ്ങൾകൊണ്ട് മലയാളി ഹൃദയങ്ങളിൽ അമൃതവർഷം ചൊരിഞ്ഞ ആ കവി തന്റെ കാമുകിയായ ഭൂമിയോട് അന്ത്യയാത്രാമൊഴി ചൊല്ലിയത്.
1955ൽ 'കാലം മാറുന്നു' എന്ന ചിത്രത്തിലൂടെയാണ് ഒ.എൻ.വി സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത്. പിന്നീടുള്ള ആറ് പതിറ്റാണ്ടുകളിൽ 1350ലധികം മധുരഗീതങ്ങളാണ് അദ്ദേഹം കൈരളിക്ക് സമ്മാനിച്ചത്.
പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും കനകച്ചിലങ്കകൾ അണിഞ്ഞ, കവിത തുളുമ്പുന്ന ആ ഗാനങ്ങൾ, മാനവികതയുടെ അഗാധസമുദ്രം കടഞ്ഞെടുത്ത അമൃതാണ്. അദ്ദേഹം തന്നെ കുറിച്ചതുപോലെ: “കവിതയാണ് നീ, നോവുമെൻ ആത്മാവിൽ അമൃത ശീതള വർഷമായ് വന്നു നീ…”
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ഒ.എൻ.വി 14 തവണ നേടിയിട്ടുണ്ട്. ഇതൊരു റെക്കോഡ് ആണ്. ‘വൈശാലി’ യിലെ തേനൂറും ഗാനങ്ങളിലൂടെ അദ്ദേഹം ദേശീയ അവാർഡും കരസ്ഥമാക്കി.
ഭൂമിയുടെ ഗായകനും പ്രിയപുത്രനും
"സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി" എന്ന് പാടിയ കവിക്ക് ഈ മണ്ണ് കേവലമൊരു ഗ്രഹമായിരുന്നില്ല; മറിച്ച് സൗന്ദര്യം തുളുമ്പുന്ന കാമുകിയും സർവവും സഹിക്കുന്ന അമ്മയുമായിരുന്നു. എന്നാൽ പ്രകൃതിയെ ചതിക്കുന്ന മനുഷ്യപുത്രന്മാരുടെ ക്രൂരത കണ്ട് വിങ്ങുന്ന ഹൃദയത്തോടെ അദ്ദേഹം പാടി— 'ഭൂമിക്കൊരു ചരമഗീതം'. അമ്മ ഭൂമിയുടെ ആസന്നമൃതിയിൽ നെഞ്ചുരുകി പാടിയ ആ വിലാപം, വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന മനുഷ്യകുലത്തിനുള്ള ഒരു ഉണർത്തുപാട്ടു കൂടിയായിരുന്നു.
ഭൂമിക്കൊരു ചരമഗീതത്തിന് പുറമെ 'ഉജ്ജയിനി', 'അഗ്നിശലഭങ്ങൾ', 'അക്ഷരം', 'ഉപ്പ്' തുടങ്ങിയ കാലാതീതമായ കൃതികളിലൂടെ അദ്ദേഹം മലയാള കവിതയുടെ ചക്രവാളം വികസിപ്പിച്ചു. ഇതിൽ 'ഉജ്ജയിനി' എന്ന കാവ്യം പ്രസിദ്ധ സാഹിത്യകാരൻ എം.ടിയുടെ മനസ്സിൽപോലും മായാത്ത മുദ്ര പതിപ്പിച്ച ഒന്നാണ്. ആ കാവ്യത്തെ വെള്ളിത്തിരയിൽ എത്തിക്കണമെന്നത് എം.ടിയുടെ സഫലമാകാതെ പോയ സുന്ദരസ്വപ്നങ്ങളിൽ ഒന്നായിരുന്നു.
ഓടക്കുഴൽ, വയലാർ, എഴുത്തച്ഛൻ പുരസ്കാരങ്ങൾ മുതൽ ജ്ഞാനപീഠം വരെ ഒരു പാട് അവാർഡുകൾ ആ കാവ്യകുലപതിയെ തേടിയെത്തി. പത്മശ്രീയും പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
"ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീടൊഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചുപോകും, അതാണെന്റെ കവിത" എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഭൂമിയെന്ന വാടകവീടും മലയാളമെന്ന മാദകപ്പൊയ്കയും പൂങ്കാവനവും എല്ലാം വിട്ടൊഴിഞ്ഞ് ഒ.എൻ.വി മടങ്ങിയിട്ട് ഒരു പതിറ്റാണ്ട്. വാക്കുകൾക്കിടയിൽ വസന്തം ഒളിപ്പിച്ചുവെച്ച ആ കാലം മാഞ്ഞുപോയിരിക്കുന്നു. വേഴാമ്പൽ കേഴും വേനൽകുടീരം പോലെ വരണ്ടുണങ്ങിയ ഇന്നത്തെ കവിതയും ഗാനശാഖയും കാണുമ്പോൾ, പ്രിയപ്പെട്ട ഒ.എൻ.വി, അരികിൽ, ഈ മലയാളക്കരയിൽ. അങ്ങുണ്ടായിരുന്നെങ്കിൽ എന്ന് ഒരു മാത്ര വെറുതെ, ആതിരമനസ്സോടെ, ആശിച്ചു പോകുന്നു!
അമൃത സാഗരങ്ങളെ പാടിയുണർത്തിയ മഹാകവീ, നേരുന്നു താങ്കൾക്കമൃത ശാന്തി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

