വിദേശത്തെ ബഹ്റൈനികൾക്ക് പാസ്പോർട്ട് പുതുക്കാൻ ഇനി ഓൺലൈൻ സംവിധാനം
text_fieldsമനാമ: വിദേശത്ത് താമസിക്കുന്ന ബഹ്റൈൻ പൗരന്മാർക്ക് പാസ്പോർട്ട് മാറ്റി എടുക്കുന്നതിനായി പുതിയ ഇലക്ട്രോണിക് സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് നാഷനൽ ഇ-ഗവൺമെന്റ് പോർട്ടൽ (Bahrain.bh) വഴിയാണ് ഈ സേവനം ലഭ്യമാവുക. വിദേശത്തുള്ള ബഹ്റൈൻ എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താം. രാജ്യത്തിന് പുറത്തുള്ള പൗരന്മാർക്ക് പാസ്പോർട്ട് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇനി ഇലക്ട്രോണിക് രീതിയിൽ സമർപ്പിക്കാമെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ പറഞ്ഞു. പുതിയ സംവിധാനമനുസരിച്ച്, വിദേശത്തുള്ള ബഹ്റൈൻ എംബസിയിലോ കോൺസുലേറ്റിലോ വെച്ചുതന്നെ പുതിയ പാസ്പോർട്ട് അനുവദിക്കുകയും പഴയത് റദ്ദാക്കുകയും ചെയ്യും. പഴയ പാസ്പോർട്ട് റദ്ദാക്കുന്നതിനായി ബഹ്റൈനിലേക്ക് അയക്കേണ്ട ആവശ്യമില്ലാത്തതിനാൽ നടപടിക്രമങ്ങൾ ലഘൂകരിക്കാനും സമയവും ചെലവും ലാഭിക്കാനും സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ സേവനം വിദേശത്തുള്ള പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്നും അപേക്ഷകൾ നയതന്ത്ര മിഷനുകൾ വഴി നേരിട്ട് പ്രോസസ് ചെയ്യുമെന്നതുമാണ് ഏറ്റവും പ്രധാന സവിശേഷത. അതിനായി ബഹ്റൈനിലെ സർവിസ് സെന്ററുകൾ സന്ദർശിക്കേണ്ടതില്ല. ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പരമാവധി ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാസ്പോർട്ട് മാറ്റിനൽകുന്ന നടപടികൾ പൂർത്തിയാകും. ലോകമെമ്പാടുമുള്ള പൗരന്മാർക്ക് പാസ്പോർട്ടുകളും രേഖകളും സുരക്ഷിതമായി എത്തിക്കുന്നതിനായി ഡി.എച്ച്.എൽ എക്സ്പ്രസുമായി (DHL Express) കരാറിലും ഒപ്പിട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇടപാടുകളിൽ കൂടുതൽ കാര്യക്ഷമതയും വഴക്കവും കൊണ്ടുവരുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ പദ്ധതിയെന്ന് ശൈഖ് ഹിഷാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

