വല വിരിച്ച് ഓൺലൈൻ തട്ടിപ്പുകാർ; ജാഗ്രതാ നിർദേശം
text_fieldsകഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ ഫോണിലേക്ക് വന്ന വ്യാജസന്ദേശം
മനാമ: രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ അധികരിച്ച സാഹചര്യത്തിൽ അതിജാഗ്രത പുലർത്തണമെന്ന നിർദേശവുമായി സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം. ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾ ഷിപ്പിങ് കമ്പനികളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ സൂക്ഷ്മത പാലിക്കണം. ഹാക്കർമാർ ഷിപ്പിങ് കമ്പനികളെന്ന വ്യാജേന ലിങ്കുകൾ അയച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുണ്ട്.
സമീപ മാസങ്ങളിൽ ഇത്തരം തട്ടിപ്പുകൾ വർധിച്ചു വരുന്നതായി കണ്ടെത്തി. ആമസോൺ പോലുള്ള പ്രമുഖ വെബ്സൈറ്റുകളിൽനിന്ന് സാധനങ്ങൾ ഓർഡർ ചെയ്തവർക്ക്, അവരുടെ ഡേറ്റ അപ്ഡേറ്റ് ചെയ്യണമെന്നോ പാക്കേജ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നോ അറിയിച്ചുകൊണ്ട് തട്ടിപ്പുകാരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
ഈ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്താൽ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടേക്കാം. വില കുറഞ്ഞ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും തട്ടിപ്പുകൾ നടക്കുന്നുണ്ട്.
ഇത്തരം കാര്യങ്ങളിൽ അവബോധമില്ലായ്മയും കാര്യങ്ങൾ ചിന്തിച്ച് ചെയ്യാനുള്ള ക്ഷമയില്ലായ്മയും വ്യാജ വാഗ്ദാനങ്ങളിലെ അമിത വിശ്വാസവുമുള്ളവരാണ് തട്ടിപ്പിരയാകുന്നതിലധികവും. ജനങ്ങൾ അധിക സമയവും ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്റർനെറ്റുമായി ഇഴചേർന്നാണ് ജീവിക്കുന്നത്, ഓൺലൈൻ ഷോപ്പിങ്ങുകൾ അധികരിച്ചിട്ടുമുണ്ട്.
ഇതാണ് തട്ടിപ്പുകാർ മുതലെടുക്കാൻ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. വിലകുറഞ്ഞ സാധനങ്ങൾ നൽകാമെന്ന അവകാശവാദവുമായി നിങ്ങളെ ആ വെബ്സൈറ്റിലേക്ക് എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
അതിനാൽ ഓൺലൈനായിട്ട് എവിടെയെങ്കിലും പണം നൽകുന്നുണ്ടെങ്കിൽ സൂക്ഷ്മത കാണിക്കണം, ജാഗ്രത്തായിരിക്കണം. തട്ടിപ്പിന് ഇരയായവർ ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് റദ്ദാക്കുകയും, 992 എന്ന നമ്പറിൽ സൈബർ ക്രൈം ഹോട് ലൈനിൽ വിവരം അറിയിക്കുകയും ചെയ്യണം.
കൂടാതെ, അയൽരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ പണം തട്ടാനും ശ്രമിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളിലും വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി @acees_bh എന്ന ഇൻസ്റ്റഗ്രാം ബയോയിലെ ലിങ്കിൽ ക്ലിക് ചെയ്ത് ഫിനാൻഷ്യൽ ആൻഡ് സൈബർ ക്രൈംസ് വാട്സ്ആപ് ഗ്രൂപ്പിൽ ചേരാനും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

