കുട്ടികൾക്കായുള്ള ഓൺലൈൻ ഗെയിമുകൾ; ഉള്ളടക്കം പരിശോധിക്കാൻ മാതാപിതാക്കൾക്ക് നിർദേശം
text_fieldsമനാമ: കുട്ടികൾക്ക് ഓൺലൈൻ ഗെയിമുകൾ വാങ്ങി നൽകുന്ന മാതാപിതാക്കൾ ഗെയിമിന്റെ ഉള്ളടക്കം പരിശോധിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ പറഞ്ഞു. ഗെയിമുകളുടെ പ്രായപരിധി ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ചില ഗെയിമുകളിൽ അസഭ്യ വാക്കുകൾ, ചൂതാട്ടം, അനുചിതമായ വസ്ത്രധാരണം, ലഹരിവസ്തുക്കൾ തുടങ്ങിയവയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇത്തരം ഗെയിമുകൾ കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ഡോ. ഒസാമ ബഹർ പറഞ്ഞു. ആധുനിക ഡിജിറ്റൽ യുഗത്തിൽ വീഡിയോ ഗെയിമുകൾക്ക് വലിയ പ്രചാരം ലഭിച്ചതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമായി ഏകദേശം 2.5 ബില്യൺ ഗെയിം കളിക്കാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഗെയിമുകളുടെ കവറുകളിൽ കമ്പനികൾ ഏജ് റേറ്റിംഗ് രേഖപ്പെടുത്താറുണ്ട്. എന്നാൽ ഒരു കമ്പനി നൽകുന്ന റേറ്റിംഗും, രാജ്യം നൽകുന്ന റേറ്റിംഗും യൂറോപ്യൻ യൂണിയൻ (ഇ.യു) നൽകുന്ന റേറ്റിംഗും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ റേറ്റിംഗുകൾ ബഹ്‌റൈനും ജി.സി.സി രാജ്യങ്ങൾക്കും യോജിച്ചതാണോ എന്ന ചോദ്യവും ഇതിലൂടെ ഉയരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യൻ യൂണിയനിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഗെയിം റേറ്റിംഗ് സംവിധാനമാണ് പാൻ യൂറോപ്യൻ ഗെയിം ഇൻഫർമേഷൻ (പെഗി). വടക്കേ അമേരിക്കയിലെ ഗെയിമുകൾക്കായി എൻ്റർടൈൻമെൻ്റ് സോഫ്റ്റ്‌വെയർ റേറ്റിംഗ് ബോർഡ് (ഇ.എസ്.ആർ.ബി) എന്ന സംവിധാനവും ഉപയോഗിക്കുന്നു.
പെഗിയിൽ 3, 7, 12, 16, 18 എന്നിങ്ങനെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ റേറ്റിംഗുകൾ നൽകുന്നു. ‘3’ എന്നാൽ എല്ലാ പ്രായക്കാർക്കും കളിക്കാൻ അനുയോജ്യമായ ഗെയിമാണെന്ന് സൂചിപ്പിക്കുന്നു. ‘7’ എന്നത് ഏഴ് വയസ്സിനും അതിനു മുകളിലുള്ള കുട്ടികൾക്കും അനുയോജ്യമാണ്. ‘18’ എന്നത് മുതിർന്നവർക്ക് മാത്രമുള്ളതാണ്.
ഇ.എസ്.ആർ.ബിയിൽ ‘E’ (എല്ലാവർക്കും), ‘E10+’ (10 വയസ്സിന് മുകളിലുള്ളവർക്ക്), ‘T’ (13 വയസ്സിന് മുകളിലുള്ളവർക്ക്), ‘M’ (കുറഞ്ഞത് 17 വയസ്സുള്ളവർക്ക്), ‘AO’ (മുതിർന്നവർക്ക് മാത്രം) എന്നിങ്ങനെയാണ് റേറ്റിംഗുകൾ.
ഈ റേറ്റിംഗുകൾ ഗെയിമിന്റെ ഉള്ളടക്കം എന്താണെന്ന് സൂചിപ്പിക്കുന്നതിനാൽ, കുട്ടികൾക്ക് ഗെയിം വാങ്ങുന്നതിന് മുമ്പ് മാതാപിതാക്കൾ ഇത് ശ്രദ്ധിക്കണമെന്ന് ഡോ. ഒസാമ ബഹർ ആവശ്യപ്പെട്ടു. ഒരു രക്ഷിതാവ് എന്ന നിലയിൽ, ഗെയിം മനസ്സിലാക്കുകയും അത് കുട്ടികൾക്ക് അനുയോജ്യമാണോ എന്ന് വിലയിരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിന് അഞ്ച് മിനിറ്റിൽ താഴെ സമയം മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, കുട്ടികളുടെ ഗെയിമിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എളുപ്പമാകുന്ന തരത്തിൽ ഗെയിമിങ് സാമഗ്രികളും സ്ക്രീനും വീടിന്റെ തുറന്ന സ്ഥലങ്ങളിൽ വെക്കാൻ ഡോ. ഒസാമ ബഹർ നിർദ്ദേശിച്ചു. ലിവിംഗ് റൂം പോലുള്ള എല്ലാവരും കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്ക്രീൻ സ്ഥാപിക്കുക. അതുവഴി കുട്ടി എന്താണ് കളിക്കുന്നതെന്നും എന്താണ് കേൾക്കുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും എല്ലാവർക്കും കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ ഗെയിം കളിക്കാൻ അനുവദിക്കാതിരിക്കാനും, കുട്ടികൾക്ക് അനുചിതമെന്ന് തോന്നുന്ന ഏതെങ്കിലും ഗെയിം ഉണ്ടെങ്കിൽ അത് ഒഴിവാക്കാനും പകരം ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ഉപദേശിച്ചു.
അടുത്തിടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചതിനെത്തുടർന്ന് റോബ്ലോക്സ് എന്ന ഗെയിമിംഗ് പ്ലാറ്റ്‌ഫോം ബഹ്‌റൈനിലും മറ്റ് ചില മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലും അതിന്റെ ചാറ്റ് ഫീച്ചറുകൾ നിർത്തിവച്ചിരുന്നു. ചാറ്റ് ഫംഗ്ഷൻ ദുരുപയോഗം ചെയ്ത് കുട്ടികളെ അനുചിതമായ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്ന നിരവധി സംഭവങ്ങളെത്തുടർന്നാണ് ഈ തീരുമാനമെന്ന് ബഹ്‌റൈനിലെ ഇലക്ട്രോണിക് ഗെയിംസ് സ്പെഷ്യലിസ്റ്റ് ഗാലിബ് അബ്ദുല്ല സ്ഥിരീകരിച്ചിരുന്നു. ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ ഗെയിം പൂർണമായും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

