യു.എസ് കപ്പലിൽനിന്ന് വൺ വേ അറ്റാക് ഡ്രോൺ വിജയകരമായി വിക്ഷേപിച്ചു
text_fieldsമനാമ: വൺ വേ അറ്റാക് ഡ്രോൺ വിജയകരമായി വിക്ഷേപിച്ച് ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ് അഞ്ചാം കപ്പൽപ്പട. പ്രതിരോധരംഗത്ത് നിർണായക നാഴികക്കല്ലായാണ് ഈ നേട്ടത്തെ അമേരിക്കൻ നാവികസേന വിലയിരുത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു യുദ്ധക്കപ്പലിൽ നിന്ന് വൺ വേ അറ്റാക് ഡ്രോൺ വിക്ഷേപിക്കുന്നത്. അഞ്ചാം കപ്പൽപ്പടയുടെ ഭാഗമായ യു.എസ്.എസ് സാന്താ ബാർബറ എന്ന യുദ്ധക്കപ്പലിൽ നിന്നാണ് 'ലൂക്കാസ്' എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ വിക്ഷേപിച്ചത്.
കുറഞ്ഞ ചിലവിൽ നിർമിക്കാവുന്നതും എന്നാൽ അതിശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതുമായ ഡ്രോൺ സംവിധാനമാണിത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ശത്രുനീക്കങ്ങളെ പ്രതിരോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. കരയിൽനിന്നും വാഹനങ്ങളിൽനിന്നും വിക്ഷേപിക്കാവുന്ന ലൂക്കാസ് ഡ്രോണുകൾ ഇപ്പോൾ കപ്പലിൽനിന്നും വിക്ഷേപിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. യുഎസ് അഞ്ചാം കപ്പൽപ്പടയുടെ അധികാരപരിധി ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈൽ ജലപ്പരപ്പാണ്. ഇതിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സമുദ്രപാതകൾ ഉൾപ്പെടുന്നുണ്ട്.
മേഖലയിലെ 21 രാജ്യങ്ങളുമായുള്ള സമുദ്രബന്ധം നിലനിർത്തുന്നതിനും രാജ്യാന്തര വ്യാപാരപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ ഡ്രോൺ സാങ്കേതികവിദ്യ അമേരിക്കക്ക് കൂടുതൽ കരുത്ത് പകരും. ഡ്രോൺ സാങ്കേതികവിദ്യയുടെ വിന്യാസം വരും ദിവസങ്ങളിൽ കൂടുതൽ വ്യാപകമാക്കാനാണ് യു.എസ് സേനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

